”ആയിരക്കണക്കിന് നടൻമാരിൽ ഒരാൾ മാത്രമാണ് ഞാൻ, ലോകാവസാനം വരെ നമ്മളെ മറ്റുള്ളവർ ഓർത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്”; മമ്മൂട്ടി
1 min read

”ആയിരക്കണക്കിന് നടൻമാരിൽ ഒരാൾ മാത്രമാണ് ഞാൻ, ലോകാവസാനം വരെ നമ്മളെ മറ്റുള്ളവർ ഓർത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്”; മമ്മൂട്ടി

ലയാള സിനിമയുടെ മുഖമാണ് മമ്മൂട്ടിയെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. കാരണം അദ്ദേഹം ഈയിടെയായി ചെയ്യുന്ന കഥാപാത്രങ്ങൾ ലോകോത്തര തലത്തിൽ ശ്രദ്ധനേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ആരും ചെയ്യാൻ മടിക്കുന്ന ​ഗ്രേ ഷേഡുകളുള്ള കഥാപാത്രങ്ങളെയെല്ലാം മമ്മൂട്ടി വളരെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കുന്നു. ഇപ്പോൾ സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് തുറന്ന് പറയുകയാണ് അദ്ദേഹം.

തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ടർബോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗായി ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻ‌സർ ഖാലിദ് അൽ അമീറിയുമായി സംസാരിക്കവെ ആയിരുന്നു നടന്റെ പ്രതികരണം. ഒരു സമയം കഴിഞ്ഞാൽ എല്ലാ അഭിനേതാക്കൾക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും മമ്മൂട്ടിയ്ക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്നുമായിരുന്നു ചോദ്യം.

ലോകം നിങ്ങളെ എങ്ങനെ ഓർത്തിരിക്കണം എന്നാണ് ആ​ഗ്രഹം എന്ന ചോദ്യത്തിന്, ‘എത്രനാൾ അവർ എന്നെ ക്കുറിച്ച് ഓർക്കും? ഒരു വർഷം, പത്ത് വർഷം, 15 വർഷം അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവർ നമ്മെ ഓർത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആർക്കും ഉണ്ടാകില്ല. മഹാരഥന്മാർ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓർമിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർക്കെന്നെ എങ്ങനെ ഓർത്തിരിക്കാൻ സാധിക്കും?. എനിക്ക് ആ കാര്യത്തിൽ പ്രതീക്ഷയുമില്ല. ഒരിക്കൽ ഈ ലോകം വിട്ടുപോയാൽ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും?.’, എന്നാണ് മമ്മൂട്ടി പറഞ്ഞത്

‘ഒരു സമയം കഴിഞ്ഞാൽ നമ്മെ ആർക്കും ഓർത്തിരിക്കാൻ സാധ്യമല്ല’, എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. അഭിമുഖത്തിന്റെ ഈ വാക്കുകൾ അടങ്ങിയ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എത്രകാലം കഴിഞ്ഞാലും മമ്മൂക്ക ജനഹൃദയങ്ങളിൽ നിലനിൽക്കും എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്.

മെയ് 23ന് ആയിരുന്നു ടർബോ റിലീസ് ചെയ്തത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആണ്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട സിനിമ 50 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. നാല് ദിവസം കൊണ്ടായിരുന്നു ഈ നേട്ടം. തെന്നിന്ത്യൻ താരം രാജ് ബി ഷെട്ടി, ബിന്ദു പണിക്കർ, അഞ്ജന ജയപ്രകാശ്, പ്രശാന്ത്, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജനാർദ്ദനൻ, സണ്ണി വെയ്ൻ തുയങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.