പൊള്ളലേറ്റ ഷാഹിനയ്ക്ക് സൗജന്യ ചികിത്സാ സഹായവുമായി മമ്മൂട്ടി
ആമ്പൽ കുളത്തിലെ മനോഹരമായ ചിത്രങ്ങൾ വൈറലായതോടെ ആണ് ജീവിത പ്രതിസന്ധികളെ മറികടന്ന് ഒടുവിൽ ഡോക്ടറായി മാറിയ ഷാഹിനയുടെ യാതനകൾ നിറഞ്ഞ ജീവിതത്തെക്കുറിച്ച് കേരള സമൂഹം ചർച്ച ചെയ്യുന്നത്. മുഖത്ത് പൊള്ളലിന്റെ പാടുമായി ആത്മവിശ്വാസത്തോടെ മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ഷാഹിനയുടെ കഥ മമ്മൂട്ടി വരെ ശ്രദ്ധിച്ചു. അഞ്ചു വയസ്സ് പ്രായമുള്ളപ്പോഴാണ് ഷാഹിനയ്ക്ക് മണ്ണെണ്ണ വിളക്ക് മറിഞ്ഞ് പൊള്ളൽ ഏൽക്കുന്നത്. ധരിച്ചിരുന്ന വസ്ത്രം ഉൾപ്പെടെ തീപടർന്നു പിടിച്ച് ദേഹമാസകലം പൊള്ളലേറ്റ ഷാഹിന പിന്നീട് ദീർഘനാൾ ചികിത്സയിൽ ആയിരുന്നു. ശസ്ത്രക്രിയയും നീണ്ടുനിന്ന ചികിത്സയുടെയും ഒടുവിൽ ജീവിതത്തിലേക്ക് പിന്നീട് ഷാഹിന തിരിച്ചു വന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നാളുകളായി ചികിത്സയിലായിരുന്ന ഷാഹിന ഒരു വർഷം വൈകിയാണ് പിന്നീട് സ്കൂളിൽ പോയത്. തുടർന്നുള്ള പഠന കാലഘട്ടത്തിലും ശസ്ത്രക്രിയകളും ചികിത്സകളും പുരോഗമിച്ചു. മുഖമുയർത്തി സംസാരിക്കാൻ പോലും അപകർഷതാബോധം അനുവദിക്കാതിരുന്ന ഷാഫിന പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഡോക്ടർ ആവുകയും ചെയ്തു. പി.എസ്.സി എഴുതി ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസറായി ജോലി നേടിയ ഷാഫിന തൃപ്പൂണിത്തറ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറാണ് ഇപ്പോൾ.
തുടർന്നുള്ള ചികിത്സയ്ക്കായി ഷാഹിനയെ സഹായിക്കുമെന്ന് സാക്ഷാൽ മമ്മൂട്ടി വാഗ്ദാനം നൽകിയിരിക്കുകയാണ്. മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പതഞ്ജലി ആയുർവേദ ചികിത്സ കേന്ദ്രത്തിൽ ഷാഹിനയ്ക്ക് ഇനി സൗജന്യചികിത്സ ലഭിക്കുന്നതായിരിക്കും.”പ്രധാനമായും കുറ്റിപ്പുറത്ത് ആണ് ചികിത്സ എങ്കിലും കൊച്ചിയിലും മമ്മൂക്കയുടെ സംരംഭത്തിന് സെന്റർ ഉണ്ട്. കൊച്ചിയിലെത്തി ഡോക്ടറെ കാണാൻ മമ്മൂക്ക മാനേജിങ് ഡയറക്ടർ വഴി അറിയിച്ച പ്രകാരം ഞാനും വാപ്പച്ചിയും ഡോക്ടറെ കണ്ടു. ഡോക്ടറുടെ ഫോണിലൂടെ മമ്മൂക്ക സംസാരിക്കുകയും ചെയ്തു. ‘നമുക്ക് പരമാവധി നോക്കാം ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലാണ്, പൊള്ളലേറ്റ വർഷങ്ങൾ കഴിഞ്ഞത് ചികിത്സയ്ക്ക് അല്പം പ്രയാസമുണ്ടാക്കുന്ന കാര്യമാണ് എങ്കിലും പരമാവധി ശ്രമിക്കാം’ എന്ന് മമ്മൂക്ക പറയുകയും ചെയ്തു.” ഡോക്ടർ ഷാഹിന പറയുന്നു.