
മെഗാസ്റ്റാർ മമ്മൂട്ടിയുടെ അടുത്ത സിനിമ ആവാസ വ്യൂഹം സംവിധായകനൊപ്പം, ഔദ്യോഗിക പ്രഖ്യാപനം ഉടൻ?
2022ൽ എണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ നടൻ മമ്മൂട്ടിക്കായി. ഒരോ വർഷം കഴിയുന്തോറും അദ്ദേഹത്തിലെ നടന് പ്രതിഭ കൂടുന്നുവെന്നത് മമ്മൂട്ടിയുടെ റിലീസ് ചെയ്ത സിനിമകളിൽ നിന്ന് തന്നെ മനസിലാകും. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം റോഷാക്കിലെ ലൂക്ക് ആന്റണിയായുള്ള താരത്തിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എഴുപത് വയസ് പിന്നിട്ടിട്ടും കഥാപാത്രങ്ങളെ അദ്ദേഹം അത്രയേറെ മനോഹരമായാണ് കൈകാര്യം ചെയ്യുന്നത്.
ഇപ്പോഴിത മമ്മൂട്ടി അടുത്തതായി ആവാസവ്യൂഹം സിനിമയുടെ സംവിധായകനുമായി ചേർന്ന് പുതിയ സിനിമ ചെയ്യാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആവാസവ്യൂഹത്തിലെ അണിയറപ്രവർത്തകരും അഭിനേതാക്കളുമാണ് പുതിയ സിനിമയ്ക്ക് പിന്നിലും മമ്മൂട്ടിക്കൊപ്പം പ്രവർത്തിക്കുക. ആവാസവ്യൂഹത്തിന്റെ സംവിധായകൻ കൃഷന്ത്, നടൻ രാഹുൽ രാജഗോപാൽ എന്നിവർ കഴിഞ്ഞ ദിവസം മമ്മൂട്ടി സന്ദർശിച്ചിരുന്നു.
ശേഷം മെഗാസ്റ്റാറിനൊപ്പം പകർത്തിയ ചിത്രങ്ങൾ രാഹുൽ രാജഗോപാൽ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിഹാസം നിങ്ങൾ പറയുന്നത് ശ്രദ്ധിക്കുകയും നിങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുമ്പോൾ…നിമിഷം…. എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുൽ കുറിച്ചത്. അതേസമയം പുതിയ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ ഇതുവരേയും നടത്തിയിട്ടില്ല. വൈകാതെ അതും സംഭവിക്കുമെന്നാണ് റിപ്പോർട്ട്.
മലയാളത്തിലിറങ്ങിയ ക്ലാസിക്’ എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ചിത്രമാണ് കൃഷാന്ത് ആർ.കെ സംവിധാനം ചെയ്ത ആവാസവ്യൂഹമെന്നാണ് ആരാധകർ പറഞ്ഞത്. സൂപ്പർഹീറോ കഥകളും ഫാന്റസി സിനിമകളും ചെയ്യാൻ മലയാളം പോലെ പരിമിത ബജറ്റിനുള്ളിൽ വട്ടം കറങ്ങുന്ന ഇൻഡസ്ട്രിക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരം കൂടിയാണ് ആവാസവ്യൂഹമെന്നും ആരാധകർക്ക് അഭിപ്രായമുണ്ട്. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും ഫിപ്രസ്കി പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചിത്രമായതും ആവാസവ്യൂഹമായിരുന്നു. സോണി ലിവിലൂടെ ചിത്രം ഇപ്പോൾ സ്ട്രീം ചെയ്യുന്നുണ്ട്. അതേസമയം മമ്മൂട്ടിയുടേതായി ഒരു പിടി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ വരുന്ന നൻപകൽ നേരത്ത് മയക്കമാണ് ഒന്ന്. ചിത്രത്തിൽ തമിഴ് നടി രമ്യ പാണ്ഡ്യനാണ് നായിക. രണ്ടാമത്തെ സിനിമ കാതലാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയിൽ ജ്യോതികയാണ് നായിക.