‘സിനിമയിലെ എന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി’ ; ‘കാതല്‍’ ടീമിന് ബിരിയാണി വിളമ്പി മമ്മൂട്ടിയും ജ്യോതികയും
1 min read

‘സിനിമയിലെ എന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി’ ; ‘കാതല്‍’ ടീമിന് ബിരിയാണി വിളമ്പി മമ്മൂട്ടിയും ജ്യോതികയും

മ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ സൂര്യ എത്തിയത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ലൊക്കേഷന്‍ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയാണ് കാതല്‍ സെറ്റിലെ വീഡിയോ പങ്കുവത്. കാരവാനില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോയുടെ പശ്ചാത്തലത്തില്‍ ബിഗ് ബിയിലെ തീം സോംഗ് ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുറ്റും കൂടി നിന്നവരെ അഭിവാദ്യം ചെയ്ത മമ്മൂട്ടി സ്വയം ഡ്രൈവ് ചെയ്ത് പോകുന്നത് വീഡിയോയില്‍ കാണാം. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷനേരംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ കാതലിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ വിവരമാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. വളരെ ഊര്‍ജ്ജസ്വലരായ ടീമിനൊപ്പം പ്രവര്‍ത്തിച്ചത് താന്‍ ആസ്വദിച്ചുവെന്ന് നടന്‍ കുറിച്ചു. സഹപ്രവര്‍ത്തകര്‍ക്കായി ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെയും ജ്യോതികയുടെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം അറിയിച്ചത്. ജയറാം നായകനായി എത്തിയ ‘സീതാകല്യാണം’ എന്ന ചിത്രത്തിന് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് കാതല്‍. മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രം കൂടിയാണ് കാതല്‍. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതല്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രം കൂടിയാണ് കാതല്‍.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണംനിര്‍വഹിക്കുന്നത് സാലു കെ. തോമസ് ആണ്. ഒക്ടോബര്‍ 20നാണ് ജ്യോതിക- മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്. ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക.