തിയേറ്റർ പൂരപ്പറമ്പാക്കാൻ ടർബോ ജോസ് ഉടൻ എത്തും; എത്ര മണിക്കൂർ ജോസിനെ കാണാമെന്നറിയാം…
1 min read

തിയേറ്റർ പൂരപ്പറമ്പാക്കാൻ ടർബോ ജോസ് ഉടൻ എത്തും; എത്ര മണിക്കൂർ ജോസിനെ കാണാമെന്നറിയാം…

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് ടർബോ. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം എന്നതു കൊണ്ട് തന്നെ ഈ സിനിമയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ മെയ് 23നാണ് തിയറ്ററുകളിൽ എത്തുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ദൈർഘ്യം സംബന്ധിച്ച വിവരം പുറത്തുവരികയാണ്.

ട്രാക്കന്മാരുടെ റിപ്പോർട്ടുകൾ പ്രകാരം രണ്ട് മണിക്കൂർ 35 മിനിറ്റാണ് ടർബോയുടെ ദൈർഘ്യം. ചിത്രത്തിന്റെ ട്രെയിലർ വൈകാതെ പുറത്തുവരും. അതോടൊപ്പം സെൻസറിം​ഗ് വിവരവും എത്തുമെന്നാണ് കരുതപ്പെടുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷൻ സംരംഭമായ ചിത്രം ആക്ഷൻ- കോമഡി ജോണറിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക.

അതേസമയം, ഭ്രമയു​ഗത്തിന് ശേഷം ഈ വർഷം രണ്ടാമത് റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം എന്ന പ്രത്യേകതയും ടർബോയ്ക്ക് ഉണ്ട്. ജനുവരിയിൽ റിലീസ് ചെയ്ത ഓസ്ലർ എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചിരുന്നു. പക്ഷേ ജയറാം ആയിരുന്നു നായകൻ. ഈ സിനിമയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടർബോ. ടർബോയുടെ തിരക്കഥയാണ് മിഥുൻ ഒരുക്കുന്നത്.

ജീപ്പ് ഡ്രൈവർ ആയ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന വേഷത്തിൽ മമ്മൂട്ടി എത്തുമ്പോൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. നേരത്തെ ജൂണിൽ ആയിരുന്നു ടർബോയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാലും ഇത് മാറ്റുക ആയിരുന്നു. അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.