റീ റിലീസിനൊരുങ്ങി ‘പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’
മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം. അതുതന്നെയാണ് സ്ഫടികം തീയറ്ററില്‍ വീണ്ടും എത്തിയപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ ഇടയാക്കിയത്. രണ്ടാം വരവില്‍ മോശമല്ലാത്ത കളക്ഷന്‍ സ്ഫടികം 4 കെ റീമാസ്റ്റര്‍ നേടിയിരുന്നു. പുതിയ സാങ്കേതിക മികവിൽ സ്ഫടികം തിയറ്ററിൽ എത്തിയപ്പോൾ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു . സംവിധായകന് ഭദ്രന്റെ തന്നെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റീമാസ്റ്റേര്‍ഡ് പതിപ്പ് പ്രദര്‍ശനത്തിന് എത്തിയത്.
ഇപ്പോഴിതാ മലയാളത്തിലെ മറ്റൊരു ശ്രദ്ധേയ ചിത്രവും റീ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത് 2009 ല്‍ പുറത്തെത്തിയ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രമാണ് അത്. സിനിമയുടെ ഏറ്റവും പുതിയ ശബ്ദ സാങ്കേതിക മികവോടെ 4 കെ പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയറ്ററിലെത്തിക്കുന്നത്. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയറ്ററില്‍ എത്തുന്നത്.
2009ൽ സിനിമ സംസ്ഥാന പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സമയത്തും ചിത്രം തിയറ്ററുകളിൽ വീണ്ടും പ്രദർശിപ്പിച്ച് വിജയം കൈവരിച്ചിരുന്നു. മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
സിനിമയിൽ രണ്ട് ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിൽ പോലും അടിമുടി വ്യത്യസ്ത നിറഞ്ഞ കഥാപാത്രങ്ങളായി അദ്ദേഹം നിറഞ്ഞാടി. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ശ്വേത മേനോൻ മികച്ച നടിക്കുള്ള തന്റെ ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കി.