മമ്മൂട്ടി – ജിയോ ബേബി ചിത്രം ചിത്രീകരണം ഉടന്‍ ആരംഭിക്കും ; പുതിയ അപ്ഡേറ്റ്സ് പുറത്ത്
ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ഭാഷാതീതമായി സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് ജിയോ ബേബി. ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. ജിയോ ബേബി അടുത്തതായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ജ്യോതികയാണ് നായികയായെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വേഷം സംബന്ധിച്ച് അണിയറക്കാര്‍ ജ്യോതികയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും വൈകാതെ കരാര്‍ ഒപ്പിട്ടേക്കുമെന്നും ഇന്ത്യ ഗ്ലിറ്റ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഈ മാസം മധ്യത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തൊടുപുഴയും കൊച്ചിയുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. മമ്മൂട്ടി ഇതേവരെ അവതരിപ്പിക്കാത്ത കഥാപാത്രത്തെയാണ് ജിയോ ബേബി ഒരുക്കിയിട്ടുള്ളത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ‘മമ്മൂട്ടി കമ്പനി’യാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബിയും നടനവൈഭവം മമ്മൂട്ടിയും ഒന്നിക്കുന്നത് പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍സണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം. മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷവും എക്സ്റ്റൈ്മെന്റും തനിക്കുണ്ടെന്ന് ജിയോ ബേബി മുന്നേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ ആറാട്ട് ചിത്രത്തിന്ശേഷം ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍, ചുരുളി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം, ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്നിവയാണ്. ക്രസ്റ്റഫര് ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും.ഷറഫുദ്ദീന്, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. റോഷാക്കില്‍ മമ്മൂട്ടി തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമാണ് അവതരിപ്പിക്കുന്നതെന്നാണ് ട്രെയ്ലറും പോസ്റ്ററുകളും തരുന്ന സൂചന.