അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; കതിരവൻ ഉടൻ എത്തും
കുറച്ചു കാലമായി മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മമ്മൂട്ടി ചരിത്ര പുരുഷൻ അയ്യങ്കാളിയുടെ വേഷത്തിൽ എത്തുമോ ഇല്ലയോ എന്നത്. ഇപ്പോൾ അക്കാര്യത്തിൽ മറുപടി ലഭിച്ചിരിക്കുകയാണ്. ഈ ചിത്രത്തിൽ മമ്മൂട്ടി തന്നെ അഭിനയിക്കും എന്നാണ് വിവരം. യുവ സംവിധായകൻ അരുൺരാജ് ആണ് മമ്മൂട്ടി അയ്യങ്കാളിയായി എത്തുന്ന ‘കതിരവൻ’ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണവും അരുൺരാജ് തന്നെയാണ് നിർവ്വഹിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവർത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രശസ്ത ടെക്‌നീഷ്യൻസുമാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ അരുൺരാജ് വ്യക്തമാക്കി.
ചിത്രം സംബന്ധിച്ച് പല തരത്തിലുള്ള ചർച്ചകൾ നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നാണ് സംവിധായകൻ പറയുന്നത്. ”കതിരവനായി മമ്മൂട്ടി തന്നെയാണ് എത്തുന്നത്. അത് സംബന്ധിച്ച് യാതൊരു സംശയവും വേണ്ട. മറ്റ് അനാവശ്യ ചർച്ചകളോട് എനിക്ക് താൽപര്യമില്ല. ഈ ചിത്രം സംബന്ധിച്ച് എന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്ന ഒരുപാട് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. എന്നെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന സോഷ്യൽ മീഡിയ കൈയ്യേറ്റങ്ങൾ വരെ ഉണ്ടായി.
പക്ഷേ ഇതിനോടൊന്നും എനിക്കിപ്പോൾ പ്രതികരിക്കാൻ താൽപര്യമേ ഇല്ല. കതിരവൻ ഒരുക്കുന്ന തിരക്കിലാണ്. ഇത് എന്റെ മൂന്നാമത്തെ സിനിമയാണ്. കതിരവന്റെ വർക്കുകൾ തുടങ്ങിക്കഴിഞ്ഞു. വർക്കുകൾ തുടങ്ങിക്കഴിഞ്ഞു. ഈ ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന അനാവശ്യ ചർച്ചകൾ പലതും മമ്മൂക്കയ്ക്കും പ്രയാസമുണ്ടാക്കിയേക്കാം. വെറുതെ അദ്ദേഹത്തെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഞാൻ ചർച്ചകൾക്കൊന്നും തയ്യാറാവാത്തത്- എന്നാണ് അരുൺരാജ് പറയുന്നത്.