മമ്മൂട്ടി ഇനി ഡിനോ ഡെന്നിസ് ചിത്രത്തില്‍ ; മാര്‍ച്ച് അവസാനം ഷൂട്ടിംങ് ആരംഭിക്കും
മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. തന്റെ കരിയറില്‍ ശക്തമായൊരു തിരിച്ചുവരവ് മമ്മൂട്ടി നടത്തിയ വര്‍ഷമായിരുന്നു 2022. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും മമ്മൂട്ടി തന്റേതാക്കി മാറ്റിയ വര്‍ഷമാണ് കഴിഞ്ഞു പോയത്. 2023 ന്റെ തുടക്കവും മമ്മൂട്ടി ഗംഭീരമാക്കിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കവും, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫറും മികച്ച പ്രതികരണങ്ങളായിരുന്നു നേടിയത്. താരമായും നടനായും ഒരേ സമയം അത്ഭുതപ്പെടുത്താന്‍ കഴിയുന്ന പ്രതിഭയായാണ് മമ്മൂട്ടിയെ പ്രേക്ഷകര്‍ എന്നും കാണാറുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തെ മമ്മൂട്ടിയുടെ അഭിനയ ജീവിതം വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കരിയറില്‍ എക്കാലവും നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉത്സാഹം കാട്ടിയിട്ടുള്ള താരമാണ് മമ്മൂട്ടി. തന്നിലെ നടന് എന്തെങ്കിലും പുതിയത് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിന്നാണ് ഇത്തരം കൂട്ടുകെട്ടുകള്‍ ഉണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളതാണ്.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് ആണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. അടുത്തതായി നടക്കാനിരിക്കുന്നത് നവാഗതനായ ഡിനോ ഡെന്നിസ് ഒരുക്കുന്ന ചിത്രമാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് മമ്മൂട്ടിയെ നായകനാക്കി സംവിധാന അരങ്ങേറ്റം കുറിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം വന്നിരുന്നു. ഇപ്പോഴിതാ ആ ചിത്രം നിര്‍മ്മാണ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കിയാല്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത് ഡിനോ ഡെന്നിസ് ചിത്രത്തില്‍ ആയിരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ജിനു എബ്രഹാം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മാര്‍ച്ച് അവസാനം ഷൂട്ടിംഗ് ആരംഭിക്കുമെന്നും കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകളെന്നും നിമിഷ് രവിയാണ് ഛായാഗ്രാഹകനെന്നും അദ്ദേഹം പറയുന്നു. സ്‌റ്റൈലിഷ് ആയി ഒരുക്കുന്ന ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും റോഷാക്ക് ഒക്കെ പോലെ പുതിയ രീതിയിലുള്ള ഒരു സിനിമയായിരിക്കും ഇതെന്നും ജിനു എബ്രഹാം പറയുന്നു. ഡോള്‍വിന്‍ കുര്യാക്കോസിനൊപ്പം സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണ കമ്പനി തിയറ്റര്‍ ഓഫ് ഡ്രീംസ് ആണ് ഡിനോ ഡെന്നിസിന്റെ മമ്മൂട്ടി ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയില്‍ ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. പൂനെ കൂടാതെ പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.