‘സിനിമ വിദ്യാഭാസ രംഗത്തെ ചൂഷണങ്ങള്‍ തുറന്നു കാട്ടുന്നുണ്ട്’; വാത്തിയെക്കുറിച്ച് പ്രേക്ഷകന്റെ കുറിപ്പ്
1 min read

‘സിനിമ വിദ്യാഭാസ രംഗത്തെ ചൂഷണങ്ങള്‍ തുറന്നു കാട്ടുന്നുണ്ട്’; വാത്തിയെക്കുറിച്ച് പ്രേക്ഷകന്റെ കുറിപ്പ്

റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള തെന്നിന്ത്യയുടെ പ്രിയ താരം ധനുഷ് അഭിനയത്തിന് പുറമെ ഗായകനായും ഗാനരചയിതാവായുമെല്ലാം തിളങ്ങിയിട്ടുണ്ട്. ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വാത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 51 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ചിത്രമാണ്. മലയാളികളുടെ പ്രിയങ്കരിയായ നടി സംയുക്തയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വന്‍ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവേന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

വാത്തി

എപ്പോഴാണ് നമ്മുടെ വിദ്യാഭാസ രംഗം ബിസിനെസ്സ് ആയി മാറിയത്? എന്തായാലും അധികം കൊല്ലം ഒന്നും ആയി കാണില്ല..ഒരു ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ നല്ല രീതിയില്‍ പോയി കൊണ്ടിരുന്ന വിദ്യാഭ്യാസ രംഗം ഇന്ന് വലിയൊരു ബിസിനെസ്സ് മേഖലയാണ്.

പണം ഉളളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന് ചിലര്‍ തീരുമാനിക്കുമ്പോള്‍ എല്ലാവരും പഠിക്കണം എല്ലാവരെയും പഠിപ്പിക്കണം എന്ന് ദൃഢ നിശ്ചയം ചെയ്ത ഒരു മാഷ് അനുഭവിക്കുന്ന പ്രശ്‌നങ്ങളും വിഷമതകളും ആണ് കഥ. ആന്ധ്രാ തമിഴു നാട് അതിര്‍ത്തിയില്‍ ജോലി ചെയ്യുവാന്‍ എത്തുന്ന മാസ്റ്റര്‍ക്ക് അവിടെ സ്‌കൂളില്‍ കുട്ടികള്‍ ഇല്ലെന്ന് മനസ്സിലാക്കുന്നു.എന്ത് കൊണ്ട് കുട്ടികള്‍ ഇല്ലെന്ന് തിരക്കി പോകുന്ന അയാള്‍ക്ക് ഞെട്ടിപ്പിക്കുന്ന ഒരു സത്യം ബോധ്യപ്പെടുന്നു.

ആഹാരത്തിന് കുല തൊഴില്‍ ഉള്ളപ്പോള്‍ എന്തിനു പഠിച്ചു വെറുതെ സമയം കളഞ്ഞു കുളിക്കണം എന്ന രീതിയില്‍ അടിച്ചേല്‍പ്പിക്കാന്‍ വല്യ ജാതിക്കാര്‍ ഉണ്ടാകുമ്പോള്‍ നാട് അരക്ഷിതമായ അവസ്ഥയിലേക്ക് പോകുകയായിരുന്നു. ഇതൊക്കെ മനസ്സിലാക്കിയ മാസ്റ്റര്‍ പഠിക്കാന്‍ ആഗ്രഹം ഉള്ളവരെ മുഴുവന്‍ സ്‌കൂളിലേക്ക് കൊണ്ട് വരുന്നതും അതിനെ തുടര്‍ന്ന് അവിടെയും സ്വന്തം നാട്ടിലും അനുഭവിക്കുന്ന ഭവിഷ്യത്തുകള്‍ ആണ് ധനുഷ് ചിത്രം പറയുന്നത്.

ക്ലാസ്സുമല്ല മാസും അല്ലാതെ ശരിയായ രീതിയില്‍ തമിഴു ഗിമ്മിക്കുകള്‍ ഒന്നും ഇല്ലാതെ രണ്ടായിര മാണ്ട് തുടക്കം പറഞ്ഞു പോകുന്ന സിനിമ വിദ്യാഭാസ രംഗത്തെ ചൂഷണങ്ങള്‍ തുറന്നു കാട്ടുന്നുണ്ട്.

പ്ര .മോ. ദി .സം