കാന്‍സര്‍ രോഗികള്‍ക്ക് സഹായ പദ്ധതിയുമായി മാളികപ്പുറം ടീം; കൈയ്യടിച്ച് ആരാധകര്‍
ഉണ്ണിമുകുന്ദന് നായകനായി എത്തിയ മാളികപ്പുറത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ചിത്രം 100 ക്ലബിലെത്തിയതിന്റെ സന്തോഷത്തിലാണ്. ഇപ്പോഴിതാ, ഇന്ത്യന്‍ സിനിമയുട ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയുടെ വിജയത്തിന്റെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായ പദ്ധതി നടപ്പിലാക്കുകയാണ് മാളികപ്പുറം ടീം. 2023 ഫെബ്രുവരി 3 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കോഴിക്കോട് പാളയത്തുള്ള ഹോട്ടല്‍ മലബാര്‍ പാലസില്‍ വെച്ച് മാളികപ്പുറം ടീം പ്രഖ്യാപനം നടത്തും. മുതിര്‍ന്നവര്‍ക്കുള്ള പദ്ധതി പ്രഖ്യാപനം നടന് ഉണ്ണി മുകുന്ദനും കുട്ടികള്‍ക്കുള്ള പദ്ധതി പ്രഖ്യാപനം ബേബി ദേവനന്ദ, മാസ്റ്റര്‍ ശ്രീപദ് എന്നിവരും നടത്തും.
ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, ആസ്റ്റര്‍ വോളന്റിയേഴ്സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചികിത്സാസഹായം നടപ്പിലാക്കുന്നത്. കാന്‍സര്‍ രോഗ നിര്‍ണയ ചികിത്സാ പദ്ധതികള്‍, 15 വയസില്‍ താഴെയുള്ള നിര്‍ധന കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, മുതിര്‍ന്ന പൗരന്മാര്ക്ക് കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഡ്, റേഡിയേഷന് തെറാപ്പിക്ക് 50% ഇളവ്, റോബോട്ടിക് ഓണ്‍കോസര്‍ജറി, ഓര്‍ത്തോ ഓണ്‍കോസര്‍ജറി ഉള്‍പ്പെടെയുള്ള കാന്‍സര്‍ സര്‍ജറികള്‍ക്ക് പ്രത്യേക ഇളവും ലഭിക്കും.
കഴിഞ്ഞ ദിവസമാണ് മാളികപ്പുറം 100 കോടി ക്ലബിലെത്തിയത്. 40 ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബില്‍ എത്തി നില്‍ക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണിത്.