”മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം വിഷമിപ്പിക്കുന്നു, സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്”; മമ്മൂട്ടി
1 min read

”മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം വിഷമിപ്പിക്കുന്നു, സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്”; മമ്മൂട്ടി

ലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. മമ്മൂട്ടിയെന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ കൂടിയാണ് അദ്ദേഹം. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യനെന്നും മമ്മൂട്ടിയെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനയ മോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതെങ്കില്‍ അരയും തലയും മുറുക്കിയിറങ്ങുന്ന കലാകാരന്‍. അഭിനയിച്ചഭിനയിച്ചാണ് ആ പണി പഠിച്ചതെന്ന് പലപ്പോഴായി മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ആണ്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബൈയില്‍ നടന്ന പ്രസ്മീറ്റില്‍ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം തന്നെ വിഷമിപ്പിക്കുന്നതാണെന്നും ഫാന്‍സ് മാത്രമല്ല സിനിമ കാണുന്നതെന്നും ബാക്കിയുള്ളവരാരും ഫാന്‍സല്ലേയെന്നും അവരെയൊക്കെ സിനിമ കാണിക്കാതിരിക്കാന്‍ പറ്റുമോയെന്നും മമ്മൂട്ടി ചോദിക്കുന്നു. ‘സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്. ചിലര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ടാകും. എല്ലാ സിനിമകളും കാണുന്നവരുമുണ്ട്. എല്ലാ സിനിമകളും കാണാത്തവരുമുണ്ട്. ക്രിസ്റ്റഫര്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള സിനിമയാണ്. ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെയുള്ളതാണ് ക്രിസ്റ്റഫര്‍. അല്ലാതെ സിനിമ നിലനില്‍ക്കില്ല’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ക്രിസ്റ്റഫറിലെ കഥാപാത്രത്തിന് ചില രംഗങ്ങളില്‍ യഥാര്‍ത്ഥ സംഭവങ്ങളുമായി സാമ്യതകളുണ്ടെന്നും എന്നാല്‍ അക്കാര്യം അവകാശപ്പെടുന്നില്ലെന്നും മമ്മൂട്ടി പറയുന്നു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് തിയറ്ററുകളില്‍ എത്തും. ഉദയകൃഷ്ണയാണ് തിരക്കഥ. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത്. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.