100 കോടിയിലും നില്‍ക്കുമെന്ന് തോന്നുന്നില്ല.. ; 150 കോടിയിലേക്ക് മാളികപ്പുറം
2022 ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവര്‍ഷത്തിലും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടര്‍ന്ന ചിത്രമാണ് ‘മാളികപ്പുറം’. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോള്‍, ചിത്രം പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചു കഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ച 3 മലയാള ചിത്രങ്ങളാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. രോമാഞ്ചം, വെടിക്കെട്ട്, ഇരട്ട എന്നിവയായിരുന്നു അത്. ഈ ചിത്രങ്ങള്‍ തിയേറ്ററില്‍ കളിക്കുമ്പോഴും മാളികപ്പുറം ഹൗസ് ഫുള്‍ ഷോകളുമായി മുന്നേറുന്നുവെന്നാണ് സിനിമാഗ്രൂപ്പുകളില്‍ പലരും പറയുന്നത്. ഇന്നലെ രോമാഞ്ചം സിനിമ കാണാന്‍ പാലക്കാട് പ്രിയദര്‍ശിനി തിയേറ്ററില്‍ പോയപ്പോള്‍ മാളികപ്പുറം സിനിമ കഴിഞ്ഞു പോകുന്ന ആളുകള്‍.
ഇതിനേക്കാള്‍ ആളുകള്‍ ഇതിനകത്തും ഉള്ള ഒരു ചിത്രം അശ്വിന് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നു. മിസ്റ്റര്‍ ഉണ്ണി മുകുന്ദന് & വിഷ്ണു ശശിശങ്കര്‍ നിങ്ങള്‍ വിജയിച്ചു കേട്ടോ. എന്തൊക്കെ നെഗറ്റീവ് പ്രശ്നങ്ങള്‍ ഉണ്ടായാലും ഇന്നും ഈ സിനിമ ഹൗസ് ഫുള്‍ ആണെകില്‍ അത് സമ്മതിച്ചുവെന്നാണ് അശവിന്‍ ചിത്രത്തിനൊപ്പം കുറിച്ചത്. നിരവധിപേരാണ് ഇതിന് താഴെ കമന്റുകളായെത്തിയത്. ‘ഇവിടെയും യൂട്യുബിലും ആരെങ്കിലും ഒക്കെ സമാജം സ്റ്റാര്‍ സന്ഘിപടം എന്നൊക്കെ കരഞ്ഞു വിളിച്ചു ഡീഗ്രേഡ് ചെയ്താല്‍ എന്ത് എഫ്ഫക്റ്റ് ഉണ്ടാകും എന്ന് ഈ പടം കാണിച്ചു തന്നു’വെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ott വരുന്നതും നോക്കി ഇരിക്കാതെ സിനിമകാണാന്‍ തയാറുള്ള ഒരു ജനറേഷന് ഇവിടെയുണ്ട്. അവരെ തിയറ്ററില്‍ കയറ്റാന്‍ ഇതുപോലെ ഉള്ള പടങ്ങള്‍ക്ക് കഴിയും’. സിനിമ പുറത്തിറങ്ങി 50 ദിവസവും പിന്നിടുമ്പോഴും നിരവധി തിയേറ്ററുകളില്‍ കഴിഞ്ഞ ദിവസവും ഹൗസ്ഫുള് ഷോകളായിരുന്നുവെന്നാണ് കമന്റുകള്‍.
അഭിലാഷ് പിള്ള തിരക്കഥയെഴുതിയ ചിത്രത്തിന് തമിഴ്, കന്നഡ, തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും ആശംസകള്‍ നേരുന്നു’ എന്നാണ് 100 കോടി ക്ലബ്ബിലെത്തിയ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയായിരുന്നു ചിത്രം പറഞ്ഞത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.