ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളില്‍ വ്യാപക റെയ്ഡ്
ചലച്ചിത്ര നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ വീടുകളിലും, നടനും നിര്‍മ്മാതാവും സംവിധായകനുമായ പൃഥ്വിരാജിന്റെ വീട്ടിലും ഇന്‍കംടാക്സിന്റെ വ്യാപക റെയ്ഡ്. കേരള, തമിഴ്നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്.
ആറ് ടാക്സി കാറുകളിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തുന്ന കാര്യം ലോക്കല്‍ പോലീസിനെ പോലും അറിയിച്ചിരുന്നില്ല. കൂടാതെ, മാധ്യമപ്രവര്‍ത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുകയും ചെയ്തില്ല. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് പോലീസ് പറഞ്ഞു. ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ് നടത്തിയിരുന്നത്. പരിശോധന നടക്കുമ്പോള്‍ ആന്റണി വീട്ടിലുണ്ടായിരുന്നു. അതേസമയം, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെയും വീടുകളില്‍ റെയ്ഡ് തുടരുകയാണ്. വിവിധ ഡിജിറ്റല്‍ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് ലിസ്റ്റിന് സ്റ്റീഫന്‍ പുതിയ വാഹനം സ്വന്തമാക്കിയത്. ആഡംബര എസ്യുവിയായ റേഞ്ച് റോവര്‍ സ്പോര്‍ട് 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ വാഹനമാണ് ലിസ്റ്റിന് സ്റ്റീഫന്‍ തിരഞ്ഞെടുത്തത്. അതേസമയം, പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ് കാപ്പ. ജി ആര് ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന്‍ പ്രാധാന്യമുള്ള ഒന്നാണ്. ഇന്ദുഗോപന് തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളായ ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ 22 ന് ആണ്.