ബാഹുബലിയേക്കാൾ അത്ഭുതപ്പെടുത്തുന്ന മരയ്ക്കാർ; ചിത്രം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടും, മണിക്കുട്ടന്റെ വാക്കുകൾ ശ്രദ്ധേയമാവുന്നു

മോഹൻലാൽ ആരാധകരും മലയാള സിനിമ പ്രേമികളും ഏറെ ആകാംക്ഷയോടെ നാളുകളായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പേ നാഷണൽ അവാർഡുകൾ നേടി മലയാള സിനിമയുടെ അഭിമാനം ആയി മാറി കഴിഞ്ഞു.ബ്രഹ്മാണ്ഡ ചിത്രത്തിൽ മായിൻകുട്ടി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് മണിക്കുട്ടൻ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഏതാനും സീനുകളിൽ മാത്രമേ മണിക്കുട്ടൻ ഉള്ളൂവെങ്കിലും മോഹൻലാൽ, മഞ്ജുവാര്യർ, പ്രഭു തുടങ്ങിയ വലിയ താരങ്ങൾക്കൊപ്പം ആണ് മണിക്കുട്ടൻ അഭിനയിച്ചത്. നാളിതുവരെയുള്ള കരിയറിൽ ഒരു മുതൽക്കൂട്ട് തന്നെയാണ് മണിക്കുട്ടന് മരയ്ക്കാർ എന്ന ചിത്രത്തിലെ ഈ കഥാപാത്രം. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ചിത്രത്തെക്കുറിച്ചുള്ള നടന്മാരുടെയും അണിയറ പ്രവർത്തകരുടെയും ചില വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത് നടൻ മണിക്കുട്ടൻ നടത്തിയ ഒരു പ്രസ്താവനയാണ്. ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ട ചിത്രത്തെ താരതമ്യപ്പെടുത്തി കൊണ്ടാണ് മണിക്കുട്ടൻ മരക്കാറിനെ കുറിച്ച് പറഞ്ഞത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് മണിക്കുട്ടൻ മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിച്ച വിശേഷങ്ങൾ പങ്കുവെച്ചത്.

ബാഹുബലി എന്ന ചിത്രത്തിന്റെ സെറ്റ് ഇട്ടതിന്റെ അടുത്ത് തന്നെയാണ് മരയ്ക്കാറിന്റെ കപ്പലിന്റെയും മറ്റും സെറ്റ്, ബാഹുബലിയുടെ സെറ്റ് കണ്ട അതേ ആൾക്കാർ അതിലേറെ അത്ഭുതത്തോടു കൂടിയാണ് മരക്കാറിന്റെ സെറ്റ് നോക്കി കണ്ടത് എന്നാണ് മണിക്കുട്ടൻ പറയുന്നത്. മരക്കാർ എന്ന പ്രൊജക്ട് അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ച ആവേണ്ടതാണെന്നും ഈ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും തിയേറ്ററിൽ തന്നെ കണ്ടു ആസ്വദിക്കേണ്ട ചിത്രമാണ് മരയ്ക്കാർ എന്നും മണിക്കുട്ടൻ പറയുന്നു.

Related Posts

Leave a Reply