100 കോടി പടങ്ങള്‍ വന്നിട്ടും ഈ വര്‍ഷത്തെ തകര്‍ക്കാന്‍ പറ്റാത്ത “മലൈക്കോട്ടൈ വാലിബൻ”
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ആദ്യമായി സംഭവിക്കുന്നതിന്‍റെ ആവേശമാണ് പ്രഖ്യാപനസമയം മുതല്‍ സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ പേര് മുതല്‍ എല്ലാം പ്രത്യേകതയുള്ളതായിരുന്നു. വലിയ ഹൈപ്പുമായി എത്തിയ മോഹൻലാല്‍ ചിത്രത്തിന് തിയറ്ററുകളില്‍ വിജയിക്കാനായില്ല. വൻ പരാജയമാകുകയും ചെയ്‍തു. ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയ മോഹൻലാല്‍ ചിത്രം ഒടുവില്‍ ടിവി പ്രീമിയര്‍ നടത്താന്‍ പോവുകയാണ് എന്നാണ് വിവരം.
മലൈക്കോട്ടൈ വാലിബനില്‍ മോഹൻലാലിനറെ ഇൻട്രോയ്‍ക്ക് തിയറ്ററുകള്‍ വിറക്കും എന്ന് ടിനു പാപ്പച്ചൻ റിലീസിന് മുന്നേ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീടത് ഓവര്‍ ഹൈപ്പായി വ്യഖ്യാനിക്കപ്പെട്ടു. പ്രമോഷനിലെ പാളിച്ചകളാണ് മലൈക്കോട്ടൈ വാലിബന് തിയറ്ററുകളില്‍ പ്രതിസന്ധിയായത് എന്ന് അഭിപ്രയാങ്ങളുണ്ടാകുകയും ചെയ്‍തു. ഒടിടിയില്‍ എത്തിയപ്പോള്‍ മലൈക്കോട്ടൈ വാലിബനിലെ രംഗങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രം ടെലിവിഷന്‍ പ്രീമിയര്‍ ചെയ്യാന്‍ പോവുകയാണ്. ഏഷ്യാനെറ്റിലൂടൊണ് മോഹന്‍ലാലും ലിജോ ജോസ് പല്ലിശേരിയും ഒന്നിച്ച ചിത്രം ടിവി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. മെയ് 19 ഞായറാഴ്ച വൈകീട്ട് 5.30നാണ് ചിത്രം ടിവിയില്‍ എത്തുന്നത് എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രമോ പറയുന്നത്.
അതേ സമയം 2024 വര്‍ഷത്തില്‍ ആദ്യ ദിനത്തില്‍ കേരളത്തില്‍ ഏറ്റവും മികച്ച ഓപ്പണിംഗ് നേടിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. 5.85 കോടിയാണ് ഈ മോഹന്‍ലാല്‍ ചിത്രം ആദ്യദിനത്തില്‍ നേടിയത്. മലയാളത്തില്‍ വിവിധ നൂറുകോടി ചിത്രങ്ങള്‍ വന്നിട്ടും ഈ റെക്കോഡ് തകര്‍ന്നിട്ടില്ല. നേരത്തെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് വാലിബന്‍ ഒടിടി റിലീസ് ചെയ്തത്. നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ലിജോ സംവിധാനം ചെയ്ത ചിത്രമാണ് വാലിബൻ. ഒരു ഫാന്‍റസിക്കഥയാണ് ചിത്രം പറഞ്ഞത്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. മോഹൻലാലിന് ഒപ്പം സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.