വാലിബൻ ശരിക്കുമെന്താണ്? കാളിദാസൻ മിത്തിനെ ഓർമ്മിപ്പിക്കുന്ന സംഭാഷണങ്ങൾ ചർച്ചയാകുന്നു
‘മലൈക്കോട്ടൈ വാലിബൻ’ റിലീസ് ചെയ്യാൻ ഇനി നാളേറെയില്ല. ലിജോ ജോസ് പെല്ലിശേരി – മോഹൻലാൽ എന്ന അപൂർവ്വ കോമ്പോ ഒന്നിക്കുമ്പോഴുണ്ടാകുന്ന ഹിറ്റിന് വേണ്ടി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. റിലീസിന് ഇനി ഒരു മാസം തികച്ചില്ലാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറാണ് ചർച്ചയാകുന്നത്. മനോരമ ഓൺലൈനിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.
ആരാധകർക്ക് പുതുവത്സര സമ്മാനമായെത്തിയ ടീസറിന്റെ ദൈർഘ്യം ആകെ 30 സെക്കൻഡ് മാത്രമാണ്. എന്നാൽ വീഡിയോയിലെ സംഭാഷണ ശൈലി വ്യത്യസ്തമാവുകയാണ്. കാളിദാസൻ മിത്തിനെ ഓർമ്മിപ്പിക്കുന്നതാണ് ടീസറിലെ സംഭാഷണം. വാലിബനും ഒരു യുവതിയുമായി നടത്തുന്ന സംഭാഷണത്തിൽ, ‘അകത്താരാ’ എന്ന് വാലിബൻ, ‘അകത്ത് ദേവി, അപ്പുറത്ത്?’ എന്ന് തിരശീലയ്ക്കപ്പുറം നിൽക്കുന്ന യുവതി, ‘വാലിബൻ, മലൈക്കോട്ടൈ വാലിബൻ’ എന്ന് മറുപടി. ഇത്രമാത്രമാണ് ടീസറിൽ ഉള്ളത്.
ആട്ടിടയൻ കാളിദാസനായതിന് പിന്നിലെ കഥയിലെ സംഭഷണം ഇതേ ശൈലിയിലാണ്. കാളിദാസൻ മഹാകവിയാകുന്നതിന് മുൻപ് ഒരു ആട്ടിടയൻ മാത്രമായിരുന്നു. ഒരിക്കൽ ആട്ടിടയൻ വഴിയറിയാതെ നടന്ന് ഒരു കാളി ക്ഷേത്രത്തിനുള്ളിൽ കയറി വാതിലടക്കുന്നു. അർദ്ധരാത്രിയിൽ പുറത്തേക്ക് എഴുന്നള്ളിയ കാളി ദേവി തിരിച്ചെത്തിയപ്പോൾ ശ്രീകോവിലിന്റെ വാതിൽ ആരോ അടച്ചിട്ടിരിക്കുന്നതു കണ്ടു. ‘അകത്താര്’ എന്ന് കാളി ചോദിച്ചു.
‘പുറത്താര്’ എന്ന് ഇടയൻ. ‘പുറത്ത് കാളി’ എന്ന് ദേവിയുടെ മറുപടി. ‘അകത്ത് ദാസൻ’ എന്നായിരുന്നു ഇടയന്റെ ഉത്തരം. ഉടൻ ദേവി നാവ് നീട്ടാൻ കല്പ്പിക്കുകയും ദേവി വാൾമുനയാൽ ഇടയന്റെ നാവിൽ കാളി എന്നെഴുതി. ദേവീനാമ സ്പർശന മാത്രയിൽ കാളിദാസന് ജ്ഞാനോദയം ഉണ്ടായി എന്നാണ് ഐതിഹ്യം. സിനിമയുമായി ഈ മിത്തിന് ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.
ഒരു വിധത്തിലും ഡീക്കോഡ് ചെയ്യാൻ സാധിക്കാത്ത വിധം വിദഗ്ദ്ധമായാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ടീസറും പോസ്റ്ററും മോഷൻ പോസറ്ററുമൊക്കെ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഊഹങ്ങളല്ലാതെ കഥയുടെ ഉള്ളടക്കം എങ്ങനെയാകും എന്നതിനെ കുറിച്ച് ഒരു സൂചനയുമില്ല. ജനുവരി 25-നാണ് മലൈക്കൊട്ടൈ വാലിബൻ റിലീസിനെത്തുന്നത്.