രാജമൗലി അല്ല, ലിജോ ജോസ് പെല്ലിശ്ശേരിയാണ്, കണ്ടറിയണം ; ‘മലൈക്കോട്ടൈ വാലിബൻ’ ജനുവരി 25ന്
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കി നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഈ മോഹൻലാൽ ചിത്രം. രണ്ട് ലെജൻ്റ്സ് ഒന്നിക്കുന്നുവെന്നത് തന്നെയാണ് ആ ആകാംഷയ്ക്കുള്ള കാരണവും. പ്രഖ്യാപനം മുതൽ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മലൈക്കോട്ടൈ വാലിബൻ ജനുവരി 25നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.
എന്നാൽ ഇത്രയും അമിത ആവേശം ആരാധകർക്കിടയിൽ കാണിക്കുമ്പോൾ ചില ആരാധകരും പ്രേക്ഷകരും അമിതമായ ആകാംഷ വെക്കണ്ട എന്ന തരത്തിൽ ചർച്ചകൾ സോഷ്യൽ മീഡിയകളിൽ നടക്കുന്നുണ്ട്. “വാലിബൻ ലിജോ ജോസ് പല്ലിശ്ശേരി മൂവി ആണ്. അല്ലാതെ രാജമൗലി മൂവി അല്ല. അമിത പ്രതീക്ഷയൊ അമിത ആകാംഷയോ വേണ്ട ” എന്ന് ആരാധകർക്കിടയിൽ തന്നെ ചർച്ചകൾ നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ പ്രമോഷനോടനുബന്ധിച്ച് സഹനിര്‍മ്മാതാവ് സിദ്ധാര്‍ഥ് അനന്ദ് കുമാര്‍ പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ് .”കുട്ടിക്കാലത്ത് നമ്മള് വായിച്ചു വളര്‍ന്ന ഇതിഹാസ കഥകള്‍ക്ക് സമാനമാണ് വാലിബന്റെ കഥ. അതേസമയം ഇതൊരു പുരാണ കഥയുമല്ല. പുരാണകഥയായും അവതരിപ്പിക്കാവുന്ന ചിത്രമാണ് ഇത്. പക്ഷേ അങ്ങനെയല്ല ചെയ്തിരിക്കുന്നത്. ഇവിടെ ഒരു സംവിധായകന്റെ സര്‍ഗാത്മക സാഹസമാണ്. പൊന്നിയില്‍ സെല്വന്, ബാഹുബലി തുടങ്ങിയ ചിത്രങ്ങളുമായി ആളുകള്‍ വാലിബനെ താരതമ്യം ചെയ്യുന്നുണ്ട്. എത് തെറ്റാണ്. ചില സമാനതകള്‍ ഉണ്ടാവാം. അതേസമയം ഒരേപോലെയുള്ള ചിത്രങ്ങളുമല്ല” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഒരു ജോണർ ലെസ് സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി വാലിബനെ കുറിച്ച് പറഞ്ഞത്. “ഒരു കെട്ടുകഥ അല്ലെങ്കിൽ അമർച്ചിത്ര കഥ വായിക്കുന്നത് പോലെ ഒരു കഥയാണ് വാലിബൻ. ത്രില്ലറാണ്, ആക്ഷ്ഷൻ പടമാണ് എന്ന് പറയാൻ സാധിക്കില്ല. കഥ പറയുക എന്നതാണ്. അതിനകത്ത് ആവശ്യമുള്ളതെല്ലാം ഉണ്ട് എന്നാണ്. ഒരു കാലവും പറയുന്നില്ല. നമുക്ക് പരിചയമുള്ള ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഏത് കാലത്താണ് കഥ നടക്കുന്നതെന്ന് നിങ്ങളാണ് വായിച്ച് എടുക്കേണ്ടത്. ഒരു കഥയാണ് അത്”, എന്നാണ് ലിജോ ജോസ് പറഞ്ഞത്. വാലിബന്റെ പ്രമോഷൻ പ്രസ് മീറ്റിനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.