അതുല്യം, ഐതിഹാസികം! ഭ്രമിപ്പിക്കുന്ന ദൃശ്യാനുഭവമായി വാലിബന്റെ വീരചരിതം; ‘മലൈക്കോട്ടൈ വാലിബൻ’ റിവ്യൂ വായിക്കാം
‘നോ പ്ലാന്‍സ് ടു ചേഞ്ച്, നോ പ്ലാന്‍സ് ടു ഇംപ്രസ്’ എന്നുള്ള തന്റെ നിലപാട് ഓരോ സിനിമകളിലൂടേയും ഊട്ടി ഉറപ്പിക്കുന്ന സംവിധായകനായ ലിജോ ജോസിന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം മോഹൻലാൽ നായകനായ ‘മലൈക്കോട്ടൈ വാലിബൻ’. സിനിമാലോകത്ത് എത്തിയിട്ട് 13 വർഷങ്ങളായെങ്കിലും ‘നായകൻ’ മുതൽ ഇതിനകം ഒരുക്കിയ ഒൻപത് സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമായാണ് ലിജോ പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്. പത്താമത്തെ ചിത്രമായ ‘മലൈകോട്ടൈ വാലിബ’നും ഭ്രമിപ്പിക്കുന്ന അമ്പരപ്പിക്കുന്ന ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ്.
മലയാളത്തിലെ നവയുഗ സിനിമാ സംവിധായകരിൽ പ്രധാനിയായി അദ്ദേഹത്തെ സിനിമാലോകം കണക്കാക്കുന്നത് വെറുതെയല്ലെന്ന് വാലിബന്റെ ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറക്കുന്നതിലൂടെ മനസ്സിലാകും. ഒരു സാങ്കൽപ്പിക ഭൂമികയിൽ നടക്കുന്ന കഥയെ ഏറ്റം വിശ്വാസയോഗ്യമായി ‘കനവാണോ നിജമാണോ’ എന്ന് തോന്നിപ്പിക്കുമാറ് ലിജോ അവതരിപ്പിച്ചതിരിക്കുകയാണ്. അടിവാരത്തൂർ കേളുമല്ലനെ നേരിടാനായെത്തുന്ന വീരരിൽ വീരനായ വാലിബനിലാണ് കഥയുടെ തുടക്കം. അയ്യനാർ എന്ന വളർത്തച്ഛനും ചിന്നൻ എന്ന സഹോദരനും ഒപ്പം കാളവണ്ടിയിലാണ് വാലിബന്റെ വരവ്. കേളുമല്ലനെ മലർത്തിയടിച്ച് തുടങ്ങുന്ന യാത്ര മാൻകൊമ്പൊടിഞ്ഞൂര്, നൂറാനത്തലയൂര്, മാങ്ങോട്ടൂര്, അമ്പത്തൂര്‍ മലൈക്കോട്ടൈ, തിരിച്ചെന്തൂര്‍ തുടങ്ങിയ ഇടങ്ങളിലൂടെയാണ് പോകുന്നത്.
നടോടിക്കഥകൾ പറയുന്ന ശൈലിയിലാണ് സിനിമയുടെ കഥ ഒരുക്കിയിട്ടുള്ളത്. ഓരോ ഇടങ്ങളിലും അതാതിടങ്ങളിലെ മല്ലന്മാരുമായി മല്ലയുദ്ധത്തിൽ പങ്കെടുത്ത് തോൽവിയറിയാതെ നാടുകൾതോറും സഞ്ചരിക്കുകയാണ് വാലിബൻ. അമ്പത്തൂര്‍ മലൈക്കോട്ടൈയിൽ വെച്ച് വാലിബനും സംഘത്തിനും നേരിടേണ്ടിവരുന്ന സംഘർഷാത്മകമായ സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പ്രണയം, യുദ്ധം, ചതി, കാമം, വഞ്ചന, വിരഹം തുടങ്ങി ഒട്ടേറെ തലങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം തീർച്ചയായും ഒരു ഇതിഹാസ സമാനമാണ്.
ഒരു പിരിയോഡിക് സിനിമ പോലെയാണ് ചിത്രമൊരുക്കിയിരിക്കുന്നത് എങ്കിലും ഫാന്റസിയുടേയും റിയാലിറ്റിയുടേയും രീതിയിൽ ചിത്രം സഞ്ചരിക്കുന്നുണ്ട്. സിനിമയുടെ കൂടുതൽ ഭാഗങ്ങളും രാജസ്ഥാൻ മരുഭൂമിയിലാണ് ഷൂട്ട് ചെയ്തിട്ടുള്ളതെങ്കിലും തികച്ചും സാങ്കല്പികമായ ഒരു ദേശത്തുള്ള കഥയും കഥാപാത്രങ്ങളായും പ്രേക്ഷകർക്ക് അനുഭവപ്പെടും. വാലിബനായി സമാനതകളില്ലാത്ത പ്രകടനം തന്നെയാണ് മോഹൻലാൽ കാഴ്ചവെച്ചിട്ടുള്ളത്. മൂന്നരപതിറ്റാണ്ടിലേറെയായി മലയാള സിനിമാലോകത്തുണ്ടെങ്കിലും തനിക്കിനിയും ഒട്ടേറെ വേഷങ്ങള്‍ സ്ക്രീനിലെത്തിക്കാനുണ്ടെന്ന് അദ്ദേഹം വിളിച്ചുപറയുകയാണ് വാലിബനിലൂടെ. കരിയറിൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് വാലിബൻ എന്ന കഥാപാത്രം. അസാമാന്യ മെയ് വഴക്കത്തോടെ ആക്ഷൻ രംഗങ്ങളിലടക്കം അദ്ദേഹം അമ്പരപ്പിച്ചിട്ടുണ്ട്. അയ്യനാരായി ഹരീഷ് പേരടിയും ചമതകൻ എന്ന പ്രതിനായക കഥാപാത്രമായി ഡാനിഷ് സേത്തും ചിന്നനായി മനോജ് മോസസുമൊക്കെ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. സൊണാലി കുൽക്കർണി, കഥ നന്ദി, മണികണ്ഠൻ ആചാരി, സുചിത്ര തുടങ്ങിയവരും തങ്ങൾക്ക് ലഭിച്ച വേഷങ്ങളെ മനോഹരമാക്കിയിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയും പി.എസ് റഫീഖും ചേർന്നെഴുതിയ തിരക്കഥയ്ക്ക് മധു നീലകണ്ഠൻ എന്ന തഴക്കം വന്ന ഛായാഗ്രാഹകൻ വൈഡ് ഫ്രെയിമുകളിലൂടേയും വ്യത്യസ്തമായ ആംഗിളുകളിലൂടേയും മറ്റും നൽകിയിരിക്കുന്ന മനോഹാരിത എടുത്തുപറയേണ്ടതാണ്. പ്രശാന്ത് പിള്ളയുടെ മാസ്മരികമായ സംഗീതവും ഏറെ മികച്ചതായിരുന്നു. തീർച്ചയായും ലിജോ ജോസ് പെല്ലിശ്ശേരിയുടെ, മോഹൻലാലിന്റെ, മലയാളത്തിന്റെ ‘മലൈക്കോട്ടൈ വാലിബൻ’ അതുല്യമാണ്, ഐതിഹാസികവും.