‘ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന് ഞങ്ങൾ സൃഷ്ടിച്ചു’ : മലൈക്കോട്ടൈ വാലിബന്‍’ മേക്കിംഗ് വീഡിയോ
1 min read

‘ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന് ഞങ്ങൾ സൃഷ്ടിച്ചു’ : മലൈക്കോട്ടൈ വാലിബന്‍’ മേക്കിംഗ് വീഡിയോ

മോഹൻലാൽ നായകനായ ‘മലൈക്കോട്ടൈ വാലിബൻ’ ജനുവരി 25 ന് റിലീസ് ചെയ്തതു മുതൽ തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. സമീപകാല മലയാള സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് വാലിബൻ. ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു സിനിമ, മലൈക്കോട്ടൈ വാലിബന്‍റെ പ്രൊമോഷന്‍ വേളയില്‍ ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതായിരുന്നു ഇത്. അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് സിനിമയുടെ ദൃശ്യാനുഭവം.ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

‘ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന് ഞങ്ങൾ സൃഷ്ടിച്ചു’ എന്ന മോഹൻലാലിൻ്റെ ഉദ്ധരണിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സിനിമയുടെ വിസിൽ ബാക്ക്ഗ്രൗണ്ട് സ്കോറാണ് വീഡിയോയിൽ ഉള്ളത്. സഹതാരങ്ങളുമായി കണ്ണിൽ നോക്കി നിൽക്കേണ്ടതിന്റെ പ്രാധാന്യം ലിജോ വിശദീകരിക്കുന്നത് കാണാം, കൂടാതെ സിനിമയിലെ ചില ആക്ഷൻ സീക്വൻസുകളിൽ കടുപ്പമുള്ളതും കഠിനവുമായ ശരീരഭാഷ നിലനിർത്താൻ അദ്ദേഹം അഭിനേതാക്കളോട് നിർദ്ദേശിക്കുന്നു.

മലൈക്കോട്ടൈ വാലിബനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്‍റെ വലിയ പങ്ക് ചിത്രീകരണവും നടന്നത് രാജസ്ഥാന്‍ മരുഭൂമിയില്‍ ആയിരുന്നു. ചെന്നൈയും പോണ്ടിച്ചേരിയുമായിരുന്നു മറ്റ് ലൊക്കേഷനുകള്‍. 130 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് സിനിമയ്ക്ക് വേണ്ടിവന്നത്. രാജസ്ഥാനിലെ കൊടും ചൂടും കൊടും തണുപ്പും നേരിട്ടാണ് ചിത്രീകരണസംഘം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ആക്ഷന്‍ രം​ഗങ്ങളിലെ മോഹന്‍ലാലിന്‍റെ അനായാസത എല്ലാവരും എടുത്തുപറയുന്ന ഒന്നാണ്. അത്തരത്തിലുള്ള ചില രം​ഗങ്ങളുടെ ഷൂട്ടിം​ഗ് രം​ഗങ്ങളും പുറത്തെത്തിയ മേക്കിം​ഗ് വീഡിയോയില്‍ ഉണ്ട്. മോഹൻലാലിൻ്റെ മേക്കപ്പും റെഡി ഷോട്ടുകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “കാണുന്നത് വിശ്വസിക്കുക, തിയേറ്ററിൽ മാത്രം കാണുക” എന്ന കുറിപ്പോടെയാണ് വീഡിയോ അവസാനിപ്പിച്ചത്.

https://fb.watch/pUbvqBf3Ks/?mibextid=Nif5oz

മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.