മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്! അഭിമാനത്തോടെ ‘മേജര്‍’ ട്രെയ്ലര് പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ
മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. ‘മേജര്‍’ എന്ന് പേരിട്ട സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങി. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജാണ് ചിത്രത്തിന്റെ മലയാളം ട്രെയ്ലര് റിലീസ് ചെയ്തത്. ‘ഇന്ത്യയുടെ അനശ്വര ധീരഹൃദയന്റെ സിനിമ കാണാന്‍ കാത്തിരിക്കുകയാണ്’ എന്ന് പൃഥ്വിരാജ് കുറിച്ചു. ആദിവി ശേഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തും. പ്രകാശ് രാജ്, രേവതി മുരളി ശര്‍മ, ശോഭിത ധുലിപാല, സായി മഞ്ജരേക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
ജി മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം, ട്രെയ്ലര് പുറത്തുവിട്ടതോടെ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ മനസില്‍ വേദനയും ഒരേസമയം അഭിമാനവും തോന്നിക്കുന്ന തരത്തിലാണ് ‘മേജറി’ന്റെ ട്രെയ്ലര് എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. 120 ദിവസം എടുത്ത് ഷൂട്ട് ചെയ്ത ചിത്രത്തില്‍ 8 സെറ്റുകളും 75ല്‍ അധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, മലയാളം, ഹിന്ദി, തെലുങ്ക് എന്നീ മൂന്ന് ഭാഷകളില്‍ ചിത്രം തിയേറ്ററില്‍ എത്തും.
2008 നവംബറില്‍ മുംബൈ താജ് ഹോട്ടലില്‍ ഉണ്ടായ ഭീകരാക്രമണത്തിലാണ് മലയാളി സൈനികന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് വീരമൃത്യു വരിച്ചത്. താജ് ഹോട്ടലില്‍ നുഴഞ്ഞു കയറിയ പാക്കിസ്ഥാന് തീവ്രവാദികളില്‍ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ എത്തിയ 51 പേരടങ്ങുന്ന നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ടീമിന്റെ നായകനായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. പാകിസ്താന് തീവ്രവാദികള്‍ ജനങ്ങളെ ബന്ദികളാക്കിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സ്വന്തം ജീവന് പോലും ബലി കൊടുത്ത ധീര ജവാനായിരുന്നു അദ്ദേഹം. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ പരിക്കേറ്റ മറ്റ് സഹപ്രവര്‍ത്തകനെ രക്ഷപ്പെടുത്തിയ മേജര്‍ സന്ദീപ് വീണ്ടും അവര്‍ക്കിടയിലേക്ക് പോവുകയും യുദ്ധം ചെയ്യുകയുമായിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന് തീവ്രവാദികളുടെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ മേജര്‍ സന്ദീപ് പിന്നീട് മരണത്തിന് കീഴടുകയായിരുന്നു. അതേസമയം, മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീരമൃത്യുവിനോടുള്ള ആദരസൂചകമായി രാജ്യം അദ്ദേഹത്തിന് അശോകചക്ര നല്കി ആദരിച്ചു.