”മമ്മൂട്ടിയെപ്പോലൊരാൾ ഇത്തരം വേഷങ്ങൾ ചെയ്യുന്നത് ജനങ്ങളെ സ്വാദീനിക്കും”; ഭ്രമയുഗത്തിനെതിരെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ
മമ്മൂട്ടിയുടെ ഭ്രമയുഗത്തിനെതിരെ പരാതിയുമായി കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 15ന് റിലീസ് ചെയ്യാനിരിക്കെയാണ് ഈ സംഭവം. ചിത്രത്തിൻറെ സെൻസർ സർട്ടിഫിക്കറ്റ് അടക്കം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഭ്രമയുഗത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഭ്രമയുഗം എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരാണെന്നും, ചിത്രത്തിൽ ദുർമന്ത്രവാദവും മറ്റും കാണിക്കുന്നത് കുടുംബത്തിനെ അധിക്ഷേപിക്കുന്നതാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. മമ്മൂട്ടിയെപ്പോലെ ഒരു നടൻ ഇത്തരം വേഷം ചെയ്യുന്നത് ഒരുപാടുപേരെ സ്വാദീനിക്കും എന്നും ഹർജിയിൽ പറയുന്നു. കുഞ്ചമൺ ഇല്ലക്കാരുടെ ഹർജിയിൽ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചുവെന്നാണ് വിവരം.
തങ്ങളുടെ കുടുംബപ്പേര് ചിത്രത്തിൽ ഉപയോഗിക്കുന്നത് കുടുംബത്തെ മന:പൂർവ്വം കരിവാരിതേക്കാനും, സമൂഹത്തിന് മുൻപാകെ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നതായും ഹർജിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ചിത്രത്തിൻറെ അണിയറക്കാർ തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. ഭ്രമയുഗത്തിൽ ഉപയോഗിച്ച തങ്ങളുടെ കുടുംബ പേര് അടക്കം മാറ്റണമെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, ഫെബ്രുവരി 15നാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്. ബ്ലാക് ആൻഡ് വൈറ്റിൽ റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ സദാശിവൻ ആണ്. ഇന്ന് ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പല തിയറ്ററുകളിലും എക്സ്ട്രാ ഷോകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മൊത്തം അഞ്ച് ഭാഷകളിലാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്. മലയാളത്തിനൊപ്പം ഇന്നലെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെ ട്രെയിലറും റിലീസ് ചെയ്തിരുന്നു.