‘അപമാനമായി നഞ്ചിയമ്മയുടെ പാട്ടും ചാക്കോച്ചന്റെ ഡാൻസും!; ഈ സിനിമാക്കാർ ഇത് എങ്ങോട്ടാണ്?’; സോഷ്യൽമീഡിയ പോസ്റ്റ് വൈറൽ!
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത് നടൻ കുഞ്ചോക്കോ ബോബന്റെ ഒരു കലക്കൻ ഡാൻസാണ്. നാട്ടിൻ പുറങ്ങളിലെ ഉത്സവ പറമ്പുകളിലും പൊതുപരിപാടികളിലും പാട്ടുകൾ ഉയരുമ്പോൾ അതിനൊപ്പം ഡാൻസ് അറിയില്ലെങ്കിലും തന്നെകൊണ്ട് കഴിയുംമ്പോലെ ചുവടുവെക്കുന്ന ചിലരുണ്ട്. അത്തരക്കാരെയൊക്കെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്ന വീഡിയോ ഗാനത്തിൽ ചുവടുവെച്ചിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലേതാണ് വൈറൽ വീഡിയോ സോങ്.
മമ്മൂട്ടി അഭിനയിച്ച് വർഷങ്ങൾക്ക് മുമ്പ് ഹിറ്റായ കാതോട് കാതോരം എന്ന സിനിമയിലെ ദേവദൂതർ പാടി എന്ന ഗാനമാണ് വീണ്ടും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ കുഞ്ചോക്കോ ബോബന്റെ നൃത്തമടങ്ങിയ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഴയ ഹിറ്റ് ഗാനം വീണ്ടും ചാക്കോച്ചന്റെ സിനിമയ്ക്ക് വേണ്ടി പുനരാവിഷ്കരിക്കുകയായിരുന്നു. വീഡിയോ സോങ് കണ്ടവരെല്ലാം ചാക്കോച്ചനെ കൊണ്ട് ഇതെങ്ങനെ സാധിച്ചുവെന്ന് ഓർത്ത് അതിശയിക്കുകയാണ്.
മലയാള സിനിമയിൽ ഏറ്റവും മനോ ഹരമായി നൃത്തം ചെയ്യുന്ന നായകനാണ് കുഞ്ചോക്കോ ബോബൻ. അദ്ദേഹം ഇത്തരത്തിൽ ഒട്ടും ഡാൻസറിയാത്ത വ്യക്തിയെപ്പോലെ അഭിനയിച്ച് ഫലിപ്പിച്ചതെങ്ങനെയെന്നാണ് പലരും ചോദിക്കുന്നത്. നടൻ മമ്മൂട്ടിയുടെ സോഷ്യൽമീഡിയ പേജുവഴിയാണ് വീഡിയോ ഗാനം രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്തത്. താൻ തന്നെ സ്വയം കണ്ടെത്തിയ ചില സ്റ്റെപ്പുകളും ചേഷ്ടകളുമാണ് പാട്ടിൽ ഉപയോ ഗിച്ചിരിക്കുന്നത് എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ രണ്ടും കൽപ്പിച്ച് ചെയ്തതാണെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
രതീഷ് ബാലകൃഷ്ണനാണ് ന്നാ താൻ കേസ് കൊട് എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ അടക്കമുള്ള സിനിമകളിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള സംവിധായകനാണ് രതീഷ്. ചാക്കോച്ചന്റെ ഡാൻസിനൊപ്പം ഒരു സോഷ്യൽമീഡിയ പോസ്റ്റും വൈറലാവുകയാണ്. ‘നഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുത്ത് ശാസ്ത്രീയ സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരെ അപമാനിച്ചത് പോരാഞ്ഞാണ് ഈ കോപ്രായം…. കലികാലം.. അല്ലാതെന്താ പറയാ….’ എന്നാണ് ചാക്കോച്ചന്റെ ഡാൻസിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് ഒരു സിനിമാപ്രേമി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്. ചാക്കോച്ചന്റെ വൈറൽ ഡാൻസിന് ഇതുവരെ രണ്ട് മില്യൺ കാഴ്ചക്കാരെയാണ് ലഭിച്ചത്.