മോദിയെയും പിണറായി വിജയനേയും താരതമ്യം ചെയ്തുകൊണ്ടുള്ള പ്രമുഖ നടന്റെ ട്വീറ്റ് ദേശീയതലത്തിൽ വരെ ശ്രദ്ധ നേടുന്നു
ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാനങ്ങളിൽ മെഡിക്കൽ ഓക്സിജന്റെ ദൗർലഭ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ രാഷ്ട്രീയപരമായി കക്ഷി ചേർന്നുള്ള വാഗ്വാദങ്ങളും പോരുകളും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. പ്രമുഖരായ പലരും ഇതിനോടകം തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിക്കഴിഞ്ഞു. ബോളിവുഡ് താരങ്ങളും മറ്റ് പ്രശസ്തരായ വ്യക്തികളും കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥത ചോദ്യം ചെയ്തുകൊണ്ട് രംഗത്തുവരികയും ചെയ്തിരിക്കുകയാണ്. ഇന്ത്യയിൽ മെഡിക്കൽ ഓക്സിജൻ സ്വതന്ത്രമായി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം എന്ന പ്രത്യേകത കേരളത്തിന് കൈവന്നതോടെ മറ്റ് സംസ്ഥാനങ്ങളിലെ നിരവധി സെലിബ്രിറ്റികൾ ആയിട്ടുള്ള വ്യക്തികൾ പോലും കേരള സർക്കാരിനെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് വരികയുണ്ടായി. അത്തരത്തിൽ കേരള സർക്കാരിനെയും മോദി സർക്കാരിനെയും താരതമ്യം ചെയ്തുകൊണ്ട് കന്നട നടൻ ചേതൻ കുമാർ രംഗത്തുവന്നിരിക്കുകയാണ്. താരം തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് കേന്ദ്ര സർക്കാരിനെ കേരള സർക്കാരുമായി താരതമ്യം ചെയ്തുകൊണ്ട് കുറുപ്പ് പങ്കുവെച്ചത്. ഈ പ്രതിസന്ധിഘട്ടത്തിൽ മോദി അല്ലെങ്കിൽ പിന്നെ ആര് എന്ന് ചോദിക്കുന്നവർ പിണറായി വിജയൻ എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്യൂ എന്നാണ് ചേതൻ ട്വിറ്ററിൽ കുറിച്ചത്. പ്രമുഖ നടന്റെ ഈ പരാമർശം ദേശീയ മാധ്യമങ്ങളിലടക്കം ഇതിനോടകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. താരത്തിന്റെ ഈ പ്രതികരണം ഇങ്ങ് കേരളത്തിലും വലിയ ചർച്ചാവിഷയം ആയിട്ടുണ്ട്.
നടൻ ചേതൻ കുമാർ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ; “ഇന്ത്യ ഓക്സിജൻ ക്ഷാമത്തിന്റെ വലിയ ഭീതിയിലാണ്. തിളങ്ങുന്ന ഉദാഹരണമായി കേരളവും നിൽക്കുന്നു. കേരളം 2020ലെ കോവിഡിൽ നിന്നുമാണ് പാഠം പഠിച്ചത്. ഓക്സിജൻ പ്ലാന്റുകൾ അവർ നിർമ്മിച്ചു. 58 ശതമാനം ഓക്സിജൻ സപ്ലൈ അവർ വർധിപ്പിക്കുകയും ചെയ്തു. കർണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്ക് നിലവിൽ കേരളം ഓക്സിജൻ നൽകുകയും ചെയ്യുന്നു. ഒരു മാതൃകയാണ് കേരള മോഡൽ എന്നത്. മോദി അല്ലെങ്കിൽ പിന്നെ ആര് എന്ന് ചോദിക്കുന്നവരോടായ്, ഗൂഗിളിൽ പിണറായി വിജയൻ എന്ന് ടൈപ്പ് ചെയ്യു..” ചേതൻ കുമാർ ട്വിറ്ററിൽ കുറിച്ചത്.