കാപ്പയില്‍ കൊട്ട മധു പൊളിച്ചടുക്കി! ഇത് ഒരു ഒന്നൊന്നര മാസ്സ് പടം തന്നെയെന്ന് പ്രേക്ഷകര്‍
കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ചെത്തിയ ചിത്രമാണ് കാപ്പ. ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്നു എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു ഈ ചിത്രത്തില്മേല്. ചിത്രം ഇന്ന് തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘കാപ്പ’ ഒരു മാസ് ചിത്രമാണ് എന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. കടുവ എന്ന സിനിമയെക്കാളും എന്തുകൊണ്ടും മികച്ചതാണ് കാപ്പ എന്നാണ് ചിലര്‍ പറയുന്നത്.
ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും റിലീസിന് മുന്നേ തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. കൊട്ട മധു എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തിയപ്പോള്‍, അഭിനയംകൊണ്ട് പൃഥ്വി തകര്‍ത്താടി എന്നാണ് പ്രേക്ഷക പ്രതികരണം. രണ്ട് കാലഘട്ടങ്ങളിലായി കഥ പറഞ്ഞ് പോകുമ്പോള്‍ കഥാപാത്രത്തിന്റെ രൂപമാറ്റത്തിന് അനുസരിച്ചു തന്നെ പൃത്വിരാജ് ശബ്ദത്തില്‍ പോലും മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് തോന്നിയെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. പൃഥ്വിയുടെ കരിയറിലെ മികച്ചൊരു വേഷം തന്നെയാണ് കാപ്പയിലെ കൊട്ട മധു.
അതുപോലെ, പൃഥ്വിരാജ്, അപര്‍ണ ബാലമുരളി, ജഗദീഷ് തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ മികച്ചതായിരുന്നു എന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. മികച്ച ഒരു ഗാംഗ്സ്റ്റര് ഡ്രാമ എന്നാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍. ഷാജി കൈലാസിന്റെ ക്ലാസ് മേക്കിംഗിനെയാണ് എല്ലാവരും എടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നത്. ജോമോന് ടി ജോണിന്റെ ഛായാഗ്രാഹണവും ചിത്രത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്ന ഘടകമാണെന്നാണ് അഭിപ്രായം.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ്. ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കാപ്പ’.
ചിത്രത്തില്‍ നന്ദു, അന്ന ബെന്‍ ജഗദീഷ്, ഇന്ദ്രന്‍സ് തുടങ്ങിയവരും മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകരന്, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റില്‍സ്-ഹരി തിരുമല, പിആര്‍ഒ ശബരി എന്നിവരുമാണ്. കേരളത്തില്‍ 233 സ്ക്രീനുകളാണ് ചിത്രത്തിന്. ജിസിസിയില്‍ ആകെ 117 സ്ക്രീനുകള്‍. ഇതില്‍ ജിസിസിയിലാണ് ഏറ്റവുമധികം സ്ക്രീനുകള്‍. 57 സ്ക്രീനുകളിലാണ് ചിത്രത്തിന്റെ യുഎഇ റിലീസ്.