അലി ഇമ്രാൻ വീണ്ടും! സിബിഐ സീരീസ് പോലെ ‘മൂന്നാം മുറ’ സീരീസ് ആരംഭിക്കാൻ പദ്ധതിയിട്ട് കെ. മധു
കുറ്റാന്വേഷണ സിനിമകള്‍ ചെയ്ത് ശ്രദ്ധേയനായ ഒരു സംവിധായകനാണ് കെ മധു. 1986 ല്‍ പുറത്തിറങ്ങിയ മലരും കിളിയുമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ഇരുപതാം നൂറ്റാണ്ട് ഉള്‍പ്പെടെ 25ലേറെ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി മധു സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് സിബിഐ സീരീസ്. മമ്മൂട്ടി-കെ മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിബിഐ സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവയാണ്. സിബിഐ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായിരുന്നു സിബിഐ 5 ദ് ബ്രെയിന്‍. മറ്റെല്ലാ സിബിഐ ചിത്രങ്ങള്‍ക്ക് കിട്ടിയ അതേ സ്വീകരണം തന്നെയാണ് സിബിഐ 5 ദി ബ്രെയ് ന് എന്ന മധുവിന്റെ പുതിയ ചിത്രത്തിനും ലഭിച്ചത്.
ഇപ്പോഴിതാ, മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ മധു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണിത്. ഒരു ആക്ഷന്‍ അഡ്വഞ്ചര്‍ ത്രില്ലര്‍ സിനിമയാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എസ്എന്‍ സ്വാമി ആണ്. ചിത്രം റിലീസ് ആയിട്ട് ഏകദേശം മുപ്പത്തിനാല് വര്‍ഷം ആയെങ്കിലും മോഹന്‍ലാലിന്റെ കഥാപാത്രമായ അലി ഇമ്രാനെ മലയാളികള്‍ ഇന്നും മറന്നിട്ടില്ല.
മോഹന്‍ലാലിന്റെ എക്കാലത്തെയും സ്റ്റൈലിഷ് കഥാപാത്രങ്ങളില്‍ ഒന്നാണ് അലി ഇമ്രാന്. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നുവെന്ന വാര്‍ത്ത സിനിമാ പ്രേമികളെയും ലാലേട്ടന് ആരാധകരെയും സന്തോഷിപ്പിക്കുന്ന ഒന്നാണ്. രാഷ്ട്രീയ നേതാക്കാന്മാരെ ഒരു കൂട്ടം തീവ്രവാദികള്‍ തട്ടികൊണ്ട് പോകുകയും അവരെ രക്ഷിക്കാന്‍ വേണ്ടി വരുന്ന ആളായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. അതിലെ മോഹന്‍ലാലിന്റെ ഗംഭീര ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളും ഓരോ മലയാളികളും മറക്കാതെ മനസ്സില്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. അതിനര്‍ത്ഥം അലി ഇമ്രാനെ ഇന്നും ആരാധകര്‍ മറന്നിട്ടില്ല എന്നു തന്നെയാണ്. മോഹന്‍ലാലിന് പുറമെ, സുരേഷ് ഗോപി, ലാലു അലക്സ്, മുകേഷ് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. രേവതിയായിരുന്നു ചിത്രത്തിലെ നായിക.