‘വ്യാജർ ഇപ്പോൾ കമന്റ് ബോക്സിൽ ചുരുളിയിലെ ഡയലോഗ് കാച്ചും’ : ജോയ് മാത്യു
സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സിനിമയാണ് ചാവേർ. ജോയ് മാത്യു തിരക്കഥയെഴുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആന്റണി വർഗീസും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തിയത്.ആദ്യ ദിവസങ്ങളിൽ കടുത്ത വിമർശനങ്ങളും പിന്നീട് പ്രശംസയും ചിത്രത്തിന് ലഭിച്ചു. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം നേടാൻ സാധിച്ചിരുന്നില്ല. പിന്നാലെ മനഃപൂർവമായി ചിത്രത്തിനെതിരെ ഡിഗ്രേഡിംഗ് നടക്കുന്നുവെന്ന് അണിയറ പ്രവർത്തകർ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ ചാവേർ ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ് ഈ അവസരത്തിൽ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ജോയ് മാത്യു കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ ഇനി നിങ്ങളുടെ വീടിന്റെ അകത്തളങ്ങളിലും. അതുകൊണ്ട് ആരും ഓടിയൊളിക്കേണ്ട ശ്രദ്ധിക്കുക: വ്യാജർ ഇപ്പോൾ കമന്റ് ബോക്സിൽ ചുരുളിയിലെ ഡയലോഗ് കാച്ചും ,വായിച്ചു രസിപ്പിൻ’, എന്നാണ് ചാവേർ ഒടിടി പോസ്റ്റർ പങ്കുവച്ച് ജോയ് മാത്യു കുറിച്ചത്.
ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രമാണ് ചാവേർ. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രമൊരു പൊളിറ്റിക്കൽ ത്രില്ലർ ആയിരുന്നു. ആന്റണി വർഗീസ്, അർജുൻ അശോകൻ, മനോജ് കെ യു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം നവംബർ 24നാണ് ഒടിടിയിൽ എത്തുന്നത്. സോണി ലിവിന് ആണ് ഓടിടി അവകാശം വിറ്റുപോയിരിക്കുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളേയും ജാതി വിവേചനങ്ങളേയും ദുരഭിമാനക്കൊലയേയും പ്രമേയാക്കിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ആന്‍റണി വര്‍ഗീസ് ആദ്യമായി ഫൈറ്റ് ഇല്ലാതെ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ചാവേര്‍. കണ്ണൂര്‍ പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രം. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.