‘ അബ്രഹാം ഓസ്ലറി’ൽ മമ്മൂട്ടി ഉണ്ടാകുമോ ? മറുപടിയുമായി ജയറാം
മലയാളത്തില്‍ ഏറെ സെലക്റ്റീവ് ആണ് നിലവില്‍ ജയറാം. മലയാളത്തിനേക്കാള്‍ അദ്ദേഹം അഭിനയിക്കുന്നത് ഇതരഭാഷാ ചിത്രങ്ങളിലുമാണ്. സത്യന് അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാമിന്റേതായി എത്താനിരിക്കുന്നത് മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലര് ആണ്. ജയറാമിന് ബ്രേക്ക് ആവുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം കൂടിയാണ് അബ്രഹാം ഓസ്ലർ . ക്രൈം ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രം ആകും ജയറാമിന്റേത് എന്നാണ് പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാകുന്നത്. ഓസ്ലറിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ ജയറാമിന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്നത്.
ശിവരാജ് കുമാർ നായകനായി എത്തിയ ഗോസ്റ്റിന്റെ പ്രൊമോഷനിടെ ആയിരുന്നു ജയറാം ഓസ്ലറിനെ കുറിച്ച് സംസാരിച്ചത്. “നമുക്ക് തന്നെ സംതൃപ്തി നൽകുന്ന സിനിമകൾ ചെയ്യാൻ വേണ്ടി കുറേ നാളായി കാത്തിരിക്കുക ആയിരുന്നു. ആ സമയത്താണ് മിഥുൻ വന്ന് എന്നോട് ഓസ്ലറിന്റെ കഥ പറയുന്നത്. അപ്പോൾ തന്നെ സിനിമയിൽ രണ്ട് ഗെറ്റപ്പ് വേണമെന്ന് അവൻ പറഞ്ഞിരുന്നു. കുറച്ച് വയറൊക്കെ വച്ച് ഏജ്ഡ് ആയിട്ടുള്ള കഥാപാത്രമാണ് ഒന്നെന്ന് പറഞ്ഞു. മമ്മൂക്ക ചിത്രത്തിൽ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഞാൻ ഇപ്പോൾ മറുപടി പറയുന്നില്ല. കാരണം ആ ഒരു സസ്പെൻസ് കളയാൻ ഞാൻ ഉദ്യേശിക്കുന്നില്ല”, എന്നായിരുന്നു ജയറാമിന്റെ മറുപടി. മമ്മൂട്ടി ഓസ്ലറിൽ ഉണ്ടെങ്കിൽ ഗംഭീരം ആകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. പതിനഞ്ച് മിനിറ്റോളം ദൈർഘ്യം മമ്മൂട്ടിയുടെ വേഷത്തിന് ഉണ്ടാകുമെന്നാണ് വിവരം.
ഇര്‍ഷാദ് എം ഹസനും മിഥുന് മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന് ആണ്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്.