‘ഉള്ളില്‍ കാര്‍മേഘങ്ങള്‍ പേറുന്ന, എന്നാല്‍ പെയ്തൊഴിയാനാവാത്ത ഒരു മേഘബാഷ്പമാണ് ക്രിസ്റ്റഫര്‍’; അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിയുടെ കുറിപ്പ്
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫര്‍. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതായിരുന്നു ഹൈപ്പിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ‘മാസ്സ് സിനിമയില്‍ മമ്മുക്കയെ കാണാന്‍ തിടമ്പേറ്റിയ ഒരു ആന ചന്തം തന്നെയാണെന്നും മലയാള സിനിമക്ക് അണിയാന്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണെന്നും അവസാനം വരെയും പ്രേക്ഷകനെ തിയറ്ററില്‍ പിടിച്ചിരുത്തുന്ന ത്രില്ലര്‍ ചിത്രം, ജസ്റ്റിന് വര്‍ഗീസിന്റെ ബിജിഎം കലക്കി, മികച്ച ത്രില്ലര്‍ അനുഭവമാണ് ക്രിസ്റ്റഫര്‍, ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവ് എന്നെല്ലാമാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ സിനിമകണ്ട അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിയുടെ കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ക്രിസ്റ്റഫര്‍ കണ്ടിരിക്കാവുന്ന ഒരു പോലീസ് സ്റ്റോറിയാണ്. ഫായിസ് സിദ്ധിഖ്ന്റെ നല്ല ക്യാമറയും, ജസ്റ്റിന് വര്‍ഗീസിന്റെ പശ്ചാത്തല സംഗീതവും മുഖ്യാകര്ഷകങ്ങള്. വേണ്ടാത്ത ഒരു ചലനമോ നോട്ടമോ, ഡയലോഗോ ഇല്ലാത്ത പഴുതടച്ച സ്ക്രീപ്റ്റ്. പാട്ടും, ക്ളീഷേ കോമഡിയും, ഐറ്റം ഡാന്‍സുകാരികളുടെ അര്‍ദ്ധനഗ്ന അശ്ലീലങ്ങളുമില്ലാത്ത 151 മിനിട്ടുകള്‍. കഴിഞ്ഞ ദിവസം irattamovie യെക്കുറിച്ച് എഴുതിയതുപോലെ, സുഭഗമായ ബാല്യമില്ലാത്തവന്. ഭൂതകാലത്തില്‍ കൊള്ളാവുന്ന ഒരോര്‍മ്മയും അയാള്‍ക്കില്ല. ബാല്യത്തിലും, യൗവനത്തിലും, എന്തിന് ദാമ്പത്യത്തില്‍പ്പോലും തോറ്റുപോയവന്. സ്വന്തം നീതിയില്‍ മാത്രം വിശ്വസിക്കുന്ന, IPC യും, Cr.P.C യും, ഇന്ത്യന്‍ ഭരണഘടനയുമൊന്നും അജണ്ടയിലേ ഇല്ലാത്ത IT എഞ്ചിനീയറിംഗ് കഴിഞ്ഞു IPS കിട്ടിയ, ഇപ്പോള്‍ 55 വയസ്സ് തികയാറാകുന്ന ഒരു പോലീസുകാരന്, DIG ക്രിസ്റ്റഫര്‍ ആന്റണി IPS.
നീതി വൈകുമ്പോള്‍, നീതി നിഷേധിക്കപ്പെടുമെങ്കില്, (Justice Delayed is Justice Denied) വെടിയുണ്ടകൊണ്ട് ആ സാമൂഹ്യപ്രശ്നമങ്ങു തീര്‍ത്തേക്കാം എന്ന ശുദ്ധ അസംബന്ധമാണ് സിനിമയുടെ തീം എന്ന് പറയാതെ വയ്യ. പക്ഷേ അതിന് സാധാരണക്കാരന്റെ കയ്യടി നേടുന്ന കാരണങ്ങള്‍ ദൃശ്യവല്ക്കരിക്കാന് അണിയറക്കാര്‍ക്ക് കഴിയുന്നുണ്ട്. (യതീഷ് ചന്ദ്രക്ക് ആരാധകരുള്ള കേരളത്തില്‍ #ChristopherMovie നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കില്ല എന്നര്‍ത്ഥം.)
മണിച്ചിത്രത്താഴ് ഫാസിലും, സിദ്ധീക്കും, സിബി മലയില്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ സിനിമയാണെന്ന് വായിച്ചിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണന് ഫ്ലാഷ് ബാക്ക് ചിത്രീകരിക്കാന്‍ അറിയാത്ത സംവിധായകന് ആണെന്ന് പഠിക്കാനായി എന്നതാണ്, വ്യക്തിപരമായി ഞാന്‍ ഇന്നത്തെ രണ്ടര മണിക്കൂര്‍കൊണ്ട് നേടിയത്. മുകളില്‍ പറഞ്ഞതുപോലെ ഫാസിലിനെപ്പോലെ ഉണ്ണികൃഷ്ണനും ഇത്തരം സീനുകള്‍ക്ക് സുഹൃത്തുക്കളുടെ സഹായം തേടാവുന്നതാണ്. ഫ്ലാഷ് ബാക്കില്‍ ഉദ്ദേശിച്ച അക്കാലം ചിത്രീകരിക്കാന്‍ നടത്തിയ casting ഉം ദയനീയമാണ്!
നരച്ച കൃതാവും മീശയുമുള്ള, വാചകക്കസര്‍ത്തുകള്‍ കൊണ്ട് കയ്യടി നേടാത്ത, സാത്വികനും, ശാന്തനുമായ മിതഭാഷി. പെണ്‍കുട്ടികളെയും, അമ്മമാരേയും ജീവനെപ്പോലെ കരുതുന്നവനുമാണ് ക്രിസ്റ്റഫര്‍. പക്ഷേ വ്യക്തിപരമായി തോറ്റുപോയൊരു മനുഷ്യനാണ്. System മുഴുവന്‍ തെറ്റാണെന്നും, വെടിയുണ്ടകൊണ്ടേ നീതി നടപ്പിലാവൂ എന്ന് വിശ്വസിക്കുന്ന പോലീസ് അല്ലാത്ത മറ്റുപണികളൊക്കെ ചേരുമായിരുന്ന ഒരു മനുഷ്യന്. ആ നിലയില്‍ അയാളുടെ IPS ഒരു Wrong recruit ആണ്.!
ഷൈന്‍ ടോം ചാക്കോ അഭിനയിച്ചില്ല, ജീവിച്ചു (മനസ്സിലായല്ലോ ??), കൂടെ ദിലീഷ് പോത്തനും. Christopher ലെ വില്ലന്‍, തമിഴ് നടന് വിനയ് റായ് ബി. ഉണ്ണികൃഷ്ണനെ ഭീഷണിപ്പെടുത്തിയോ, കോടികള്‍ അങ്ങോട്ട് കൊടുത്തോ വില്ലനായതാണോ എന്ന് ഞാന്‍ മാത്രമാണോ സംശയിച്ചത്?! മോശം കാസ്റ്റിംഗ്. തിയറ്റര്‍ വിട്ടു ഡ്രൈവ് ചെയ്യുമ്പോള്‍, ഞാന്‍ ത്രിമൂര്‍ത്തി എന്ന വില്ലനായി ഫഹദ് ഫാസിലിനെ ഭാവനയില്‍ കണ്ടു. എങ്കില്‍ ഈ സിനിമയുടെ ക്ലാസ് വേറൊന്നായേനേ. പക്കാ മാസ് കിടിലന്‍ ത്രില്ലര്‍ അല്ല, വേറെ ലെവല്‍ സിനിമതന്നെ ആയേനെ!
സ്ത്രീ കഥാപാത്രങ്ങളില്‍ സ്പര്‍ശിച്ചത്, ക്രിസ്റ്റഫറിന്റെ ഭാര്യവീട്ടിലെ അടുക്കളക്കാരിയായ മധ്യവയസ്കയെ മാത്രമാണ്. അവരുടെ മുഖത്തേ എന്തെങ്കിലും ഭാവം കണ്ടുള്ളൂ. ബാക്കിയൊക്കെ പുട്ടിയും മേക്കപ്പും മാത്രം! സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവരൊക്കെ മലയാള സിനിമയിലെ നായിക ദാരിദ്ര്യംമാത്രം ഓര്‍മ്മിപ്പിക്കുന്നു! ഉള്ളില്‍ കാര്‍മേഘങ്ങള്‍ പേറുന്ന, എന്നാല്‍ പെയ്തൊഴിയാനാവാത്ത ഒരു മേഘബാഷ്പമാണ് Christopher. സിനിമ തീരുമ്പോഴും, അയാള്‍ അടുത്ത അശാന്തമായ ജീവിതവീഥിയില്‍ നിന്നും കുതറിയൊഴിയാതെ അതിനോട് പൊരുതാനുറച്ചു അയാളുടെ വഴികളിലൂടെ, അയാളുടെ നേരിലൂടെ മാത്രം സഞ്ചരിക്കുന്നു!
NanpakalNerathuMayakkam കഴിഞ്ഞു ക്രിസ്റ്റഫര്‍ എത്തുമ്പോള്‍, മമ്മൂട്ടി എന്ന നടന്റെ കഥാപാത്ര വൈവിദ്ധ്യങ്ങളുടെ വിജയം തുടരുകയാണ്. എന്നാല്‍, സിനിമയില്‍ ഡിഗ്രിക്ക് പഠിക്കുന്ന ബി. ഉണ്ണികൃഷ്ണനു മുന്നില്‍ PG യും Ph.D യുമൊക്കെ ഇനിയും ബാക്കി!
– അഡ്വ. ജഹാംഗീര്‍ റസാഖ് –