“വിനായകന് ഇന്റര്‍നാഷണല്‍ ലെവല്‍ സ്‌കില്ലും ആറ്റിറ്റ്യൂഡും!!”; സംവിധായകൻ അമൽ നീരദ്
1 min read

“വിനായകന് ഇന്റര്‍നാഷണല്‍ ലെവല്‍ സ്‌കില്ലും ആറ്റിറ്റ്യൂഡും!!”; സംവിധായകൻ അമൽ നീരദ്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു താരമാണ് വിനായകൻ. ജീവിത പ്രതിസന്ധികളോട് പട പൊരുതി സിനിമയിലെത്തി തനതായ സ്ഥാനം നേടിയെടുത്ത താരം. സ്വാഭാവികമായ അഭിനയ ശൈലിയും തനതായ രീതിയുമാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. അടുത്തിടെ ഒരുത്തി എന്ന സിനിമയുടെ പ്രമോഷൻ വേദിയിൽ താരം പറഞ്ഞ ചില വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് കാരണമായി. പലരും താരത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, വിനായകൻ ഇൻ്റർനാഷണൽ സ്കില്ലും ആറ്റിറ്റൂഡുമുള്ള താരമാണെന്ന് തുറന്നു പറയുകയാണ് സംവിധായകൻ അമൽ നീരദ്. മാത്രമല്ല ഈ സ്കില്ല് അദ്ദേഹം സ്വയം നട്ടുവളർത്തി ഉണ്ടാക്കിയതാണെന്നും അമൽനീരദ് പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം വിനായകൻ എന്ന നടൻ്റെ സ്‌റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തു കഴിഞ്ഞിട്ടില്ല. ഒരിക്കലും അദ്ദേഹത്തെ വെച്ച് ഒരു കള്ളിമുണ്ട് കഥാപാത്രത്തെ ആലോചിക്കാൻ പോലും കഴിയില്ല. കള്ളിമുണ്ട് മോശമാണെന്നല്ല, പക്ഷേ വിനായകൻ്റെ കഴിവുകൾ അതിനപ്പുറമാണെന്നും താരം പറയുന്നു.

ട്രാന്‍സ് എന്ന സിനിമയിലെ വിനായകന്റെ ടൈറ്റില്‍ ട്രാക്കിനു വേണ്ടി അദ്ദേഹം വളരെ സത്യസന്ധതയോടെ കൂടി ആറുമാസം വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും, ആ ട്രാക്ക് കേള്‍ക്കുമ്പോള്‍ നമുക്ക് അത് മനസിലാകുമെന്നും അമൽ നീരദ് പറഞ്ഞു. ആ ടൈറ്റിൽ ട്രാക്ക് വളരെയധികം ഇഷ്ടമാണെന്നും താരം പറയുന്നുണ്ട്.

അതുപോലെ തന്നെയാണ് അദ്ദേഹത്തിൻ്റെ ബോഡി ലാംഗ്വേജും, ആറ്റിറ്റൂഡും. അതെല്ലാം അദ്ദേഹം തന്നെ സ്വയം ഉണ്ടാക്കിയെടുത്തതാണ്. സിനിമകളിൽ അഭിനയിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിൻ്റെ ചില സ്റ്റിൽസ് എടുത്തിട്ടുണ്ടെന്നും, അതിനു ശേഷമാണ് പാരിസ് ഫാഷൻ വീക്കിൽ വിനായകനെ ഇറക്കിയാൽ അവിടത്തെ ഏറ്റവും വലിയ മോഡലായി മാറുമെന്ന് പറഞ്ഞതെന്നും അമൽ നീരദ് പറയുന്നു. സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലെ വിനായകന്റെ പേരു തന്നെ സ്റ്റൈൽ എന്നായിരുന്നു.

അതുപോലെതന്നെ വിനായകന്റെ ഡാൻസിനെ കുറിച്ചും അമൽ നീരദ് പറയുന്നുണ്ട്. അദ്ദേഹം ഒരു മികച്ച ഡാൻസറാണെന്നും, താനെന്നും ഡാൻസേർസിൻ്റെ വലിയ ആരാധകനാണെന്നുമാണ് താരം പറയുന്നത്. അതുപോലെ തന്നെ കുറെ വ്യക്തികളെ ഒരു നിരത്തിൽ കൊണ്ട് നിർത്തിയിട്ട് അവരുടെ മുന്നിലൂടെ ക്യാമറ പാസ് ചെയ്യുമ്പോൾ, ചിലരും ക്യാമറയും തമ്മിൽ പ്രത്യേക ഒരു ആകർഷണം ഉണ്ടാകും. അത്തരത്തിൽ ക്യാമറയും വിനായകനുമായി വളരെ നല്ലൊരു കണക്റ്റ് ഉണ്ടെന്നും അമൽ നീരദ് പറയുന്നു.