‘ബച്ചന്റെ ഉയരമെനിക്കില്ല, അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയുമില്ല, മന്ത്രി പറഞ്ഞതില്‍ തനിക്ക് വിഷമം ഇല്ലെന്ന് ഇന്ദ്രന്‍സ്
നിയമസഭയില്‍ സാംസ്കാരിക മന്ത്രി വിഎന്‍ വാസവന് നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി നടന് ഇന്ദ്രന്‍സ് രംഗത്ത്. ‘മന്ത്രി നടത്തിയ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ല. ഇന്ത്യാ രാജ്യത്ത് എല്ലാവര്ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടെന്നും ഇനന്ദ്രന് വ്യക്തമാക്കി.
നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനിടയിലായിരുന്നു നടനെതിരെ മന്ത്രിയുടെ പരാമര്‍ശം. ‘ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തി’. എന്നായിരുന്നു അത്്. എന്നാല്‍, നടനെതിരെ ബോഡി ഷെയിമിങ് നടത്തിയ മന്ത്രി വിഎന്‍ വാസവനെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നും സിനിമാ മേഖലയില്‍ ഉള്ളവരില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്.
മന്ത്രിയുടെ പരാമര്‍ശം ബോഡിഷെയിമിങ് ആണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് ആ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ മന്ത്രിയുടെ ആവശ്യത്തെ തുടര്‍ന്ന് വിവാദ പരാമര്‍ശനം സഭാരേഖയില്‍ നിന്ന് ഒഴിവാക്കി. അതേസമയം, സംഭവത്തില്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇപ്പോള്‍ നടന് ഹരീഷ് പേരടി, മാല പാര്‍വ്വതി തുടങ്ങിയവര്‍ മറുപടിയുമായി രംഗത്ത് എത്തി.
സഹകരണ ബില്ലിന്റെ ചര്‍ച്ചയ്ക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രി ഇന്ദ്രന്‍സിനെ മന്ത്രി പരാമര്‍ശിച്ചത്.”പാര്‍ട്ടികള്‍ ക്ഷീണിച്ച കാര്യം പറഞ്ഞാല്‍ സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് (കോണ്‍ഗ്രസിന്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചല്‍പ്രദേശില്‍ അധികാരം കിട്ടിയപ്പോള്‍ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നില്‍ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോണ്‍ഗ്രസിന്റെ സ്ഥിതി എടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലെത്തി” ഇതായിരുന്നു മന്ത്രി വാസവന്റെ വാക്കുകള്‍.