‘കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം’; പരിഹാസ പരാമര്‍ശം നടത്തി മന്ത്രി വിഎന്‍ വാസവന്‍
1 min read

‘കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം’; പരിഹാസ പരാമര്‍ശം നടത്തി മന്ത്രി വിഎന്‍ വാസവന്‍

നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനിടയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തി നില്‍ക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അതേസമയം, ഇന്ദ്രന്‍സിനെതിരെ
ബോഡി ഷെയിമിങ് നടത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവനെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നും സിനിമാ മേഖലയില്‍ ഉള്ളവരില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്.

മന്ത്രിയുടെ പരാമര്‍ശം ബോഡിഷെയിമിങ് ആണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ മന്ത്രിയുടെ ആവശ്യത്തെ തുടര്‍ന്ന് വിവാദ പരാമര്‍ശനം സഭാരേഖയില്‍ നിന്ന് ഒഴിവാക്കി. അതേസമയം, സംഭവത്തില്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇപ്പോള്‍ നടന്‍ ഹരീഷ് പേരടി, മാല പാര്‍വ്വതി തുടങ്ങിയവര്‍ മറുപടിയുമായി രംഗത്ത് എത്തി.

സഹകരണ ബില്ലിന്റെ ചര്‍ച്ചയ്ക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രി ഇന്ദ്രന്‍സിനെ മന്ത്രി പരാമര്‍ശിച്ചത്.”പാര്‍ട്ടികള്‍ ക്ഷീണിച്ച കാര്യം പറഞ്ഞാല്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് (കോണ്‍ഗ്രസിന്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചല്‍പ്രദേശില്‍ അധികാരം കിട്ടിയപ്പോള്‍ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നില്‍ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോണ്‍ഗ്രസിന്റെ സ്ഥിതി എടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലെത്തി” ഇതായിരുന്നു മന്ത്രി വാസവന്റെ വാക്കുകള്‍.

അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്തെത്തി. ഇത് പച്ചയായ ബോഡി ഷെയ്മിങ്ങും അങ്ങേയറ്റം വികലമായ കാഴ്ചപാടുമാണ് കാണിക്കുന്നത്. ഇന്ദ്രന്‍സ് കേരളത്തിന് പ്രിയപ്പെട്ടവനും പ്രതിഭാശാലിയായ നടനുമാണ്. ഇന്ദ്രന്‍സിനെ കുറിച്ച് അഭിമാനം മാത്രം. കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്ന സിപിഎമ്മിന്റെ അവസ്ഥ ദേശീയതലത്തില്‍ അനിക്‌സ്‌പ്രേയുടെ പരസ്യത്തില്‍ പറഞ്ഞപോലെയാണ് ‘പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍ ‘എന്നതാണ് എന്ന് ഓര്‍ക്കുന്നത് നല്ലത്. എംഎല്‍എ കുറിച്ചു.