“നജീബില് നിന്നെ കണ്ടതേയില്ല. പകരം നിന്നിലെ നടനെയാണ് കണ്ടത്” ; ആടുജീവിതത്തെക്കുറിച്ച് ഇന്ദ്രജിത്ത്
ആടുജീവിതം മലയാളത്തിന്റെ എക്കാലത്തെയും വിജയ ചിത്രമാകാനുള്ള കുതിപ്പിലാണ്. ആടുജീവിതം ആഗോളതലത്തില്‍ ആകെ 82 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്തരം ഒരു നേട്ടം ആറ് ദിവസത്തിനുള്ളിലാണ് എന്നതും പ്രസക്തമാണ്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന കൈയടി നേടിക്കൊടുക്കുകയാണ് ആടുജീവിതം. ബെന്യാമിന്‍റെ വിഖ്യാത നോവല്‍ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകള്‍ നിറയ്ക്കുമ്പോള്‍ ചിത്രത്തെക്കുറിച്ച് തനിക്കുള്ള അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിയുടെ സഹോദരനും നടനുമായ ഇന്ദ്രജിത്ത്. ചിത്രത്തില്‍ പൃഥ്വിരാജിനെ താന്‍ കണ്ടതേയില്ലെന്ന് പറയുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇന്ദ്രജിത്തിന്‍റെ കുറിപ്പ്.
കുറിപ്പിൻ്റെ പൂർണരൂപം
“ആടുജീവിതം- സ്നേഹത്തിന്‍റെയും സ്ഥിരോത്സാഹത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ക്ഷമയുടെയുമൊക്കെ ഫലം! എഴുതപ്പെട്ട ഒരു ക്ലാസിക് ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നത് എളുപ്പമുള്ള പണിയല്ല. ബ്ലെസി, പുസ്തകങ്ങളോടും സിനിമയോടുമുള്ള നിങ്ങളുടെ അവസാനമില്ലാത്ത സ്നേഹമാണ് ഇത് സാധ്യമാക്കിയത്. സ്വന്തം കിരീടത്തിലേക്ക് ഏറ്റവും തിളക്കമുള്ള ഒരു തൂവല്‍ കൂടി നിങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ബെന്യാമിന്‍, പുസ്തകം വായിച്ചതിന് ശേഷം അന്ന് നമ്മള്‍ തമ്മില്‍ സംസാരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നജീബിന്‍റെ ജീവിതം ഒരുപക്ഷേ ലോകം അറിയുമായിരുന്നില്ല. നിങ്ങളുടെ തൂലികയിലൂടെ അത് വെളിച്ചത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി”, ഇന്ദ്രജിത്ത് കുറിക്കുന്നു.
“ഇനി രാജുവിനോട്, നിന്നെക്കുറിച്ച് എന്തെഴുതണമെന്ന് എനിക്കറിയില്ല. ആ താരത്തിളക്കത്തിനപ്പുറത്ത്, സ്വതന്ത്രമായും ഉയരത്തിലും പറക്കാനാഗ്രഹിച്ചിരുന്ന ഒരു നടന്‍ നിന്നില്‍ എപ്പോഴും ഉണ്ടായിരുന്നത് എനിക്കറിയാമായിരുന്നു. അതിനുള്ള അവസരം പക്ഷേ എപ്പോഴും കിട്ടില്ല. അത്തരമൊന്ന് നിനക്ക് കിട്ടി, നീയത് ഇരുകൈയും നീട്ടി സ്വീകരിച്ചു, ആ കഥാപാത്രത്തിലേക്ക് നീ ആഴ്ന്നിറങ്ങി. നജീബില്‍ നിന്നെ കണ്ടതേയില്ല. പകരം നിന്നിലെ നടനെയാണ് കണ്ടത്. നജീബിനെ നീ ഉള്ളിലേക്ക് എടുത്ത രീതി ഇഷ്ടപ്പെട്ടു. ശബ്ദത്തിന്‍റെ ഉപയോഗവും വികാരങ്ങളുടെ സൂക്ഷ്‍മമായ പ്രകടനങ്ങളുമൊക്കെ ഇഷ്ടപ്പെട്ടു. അതിനായി നീ കടന്നുപോയ ദുര്‍ഘടങ്ങളൊന്നും ഇവിടെ പറയുന്നില്ല. സ്ക്രീനില്‍ നജീബായി മാറിയതിന് അഭിനന്ദനങ്ങള്‍. റസൂല്‍ പൂക്കുട്ടി, എ ആര്‍ റഹ്‍മാന്‍, സുനില്‍ കെ എസ്, പ്രശാന്ത് മാധവ്, രഞ്ജിത്ത് അമ്പാടി അങ്ങനെ ഓരോ മേഖലയിലും മികച്ച വര്‍ക്ക് ആണ് ആടുജീവിതം. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍”