”മോഹൻലാലിന്റെ എമ്പുരാൻ മലയാളത്തിലെ ഏറ്റവും വലിയ സിനിമ”; ഇനിയും ആറ് മാസത്തോളം ഷൂട്ടിങ്ങ് നീളുമെന്ന് ഇന്ദ്രജിത്ത്
മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന എമ്പുരാന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള വലിയ സിനിമയുമാകും എമ്പുരാൻ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ഇനിയും ആറ് മാസത്തോളം ഷൂട്ടിംഗ് ഉണ്ടാകും എന്നും താരം വ്യക്തമാക്കി.
”എമ്പുരാൻ വലിയൊരു സിനിമയാണ്. ലൂസിഫറിനെക്കാൾ ഭയങ്കര വലിയ സിനിമയാണ്. ലൊക്കേഷനുകൾ വളരെ കൂടുതലാണ്. ഒരുപാട് രാജ്യങ്ങളിൽ എമ്പുരാൻ ഷൂട്ട് ചെയ്യുന്നുണ്ട്. എല്ലാ രീതിയിലും പ്രൊഡക്ഷൻ വാല്യു അനുസരിച്ച് ഏറ്റവും വലിയ പണം മുടക്ക് വരാൻ പോകുന്ന സിനിമയാകും ഇത് എന്നാണ് എനിക്ക് തോന്നുന്നത്.
കാരണം അത്രയധികം രാജ്യങ്ങളിൽ ഷൂട്ടിംഗ് ഉണ്ട്. നമുക്കൊരു ബഡ്ജറ്റ് ഇടാൻ പറ്റിയൊരു സിനിമയല്ല. നിലവിൽ ഇന്ത്യയിൽ ഒരു ഷെഡ്യൂൾ കഴിഞ്ഞു. യുകെയിൽ ഒന്ന് കഴിഞ്ഞു. അമേരിക്കൻ ഷെഡ്യൂൾ അടുത്താഴ്ച തുടങ്ങാൻ പോകുന്നു. അതിലാണ് ഞാൻ ജോയിൻ ചെയ്യാൻ പോകുന്നത്. അത് കഴിഞ്ഞാലും വീണ്ടും ഷൂട്ടുണ്ട്.
ഏകദേശം ആറ് മാസത്തോളം ഷൂട്ടിംഗ് ഷെഡ്യൂൾ തുടരും. എപ്പോഴാണ് റിലീസ് എന്ന കാര്യം എനിക്ക് അറിയില്ല. പക്ഷേ സ്കെയിൽ വയ്സ് മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാൻ എന്ന് എനിക്ക് തോന്നുന്നു”- ഇന്ദ്രജിത്ത് വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
മലയാളത്തിൽ ഏറ്റവുമധികം വിദേശ രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന സിനിമ എമ്പുരാൻ ആയിരിക്കും. ഇരുപതോളം വിദേശ രാജ്യങ്ങളിൽ സിനിമയ്ക്ക് ചിത്രീകരണമുണ്ട്. യുകെ, യുഎസ് എന്നിവിടങ്ങൾക്കൊപ്പം റഷ്യയും ഒരു പ്രധാന ലൊക്കേഷനാണ്. വലിയ മുതൽമുടക്കിൽ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.