‘ഞാൻ വീണ്ടും നിങ്ങളോട് അപേക്ഷിക്കുകയാണ് എന്റെ രാജ്യത്തെ സഹായിക്കൂ’ ഇന്ത്യക്ക് വേണ്ടി ലോകത്തോട് സഹായമഭ്യർത്ഥിച്ച് പ്രിയങ്ക ചോപ്ര
കോവിഡ് വ്യാപനം അതിന്റെ ഏറ്റവും വലിയ തീവ്രതയിൽ ആയിരിക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ വലിയ ദുരന്തമാണ് അനുഭവിക്കുന്നത്. മെഡിക്കൽ ഓക്സിജന്റെ ദൗർലഭ്യം, ദിനംപ്രതി വർദ്ധിച്ചു വരുന്ന രോഗികളുടെ എണ്ണം, വേണ്ടത്ര ആശുപത്രികൾ ഇല്ലാത്ത അവസ്ഥ, ഐസുകൾ നിറഞ്ഞുകവിയുന്നു, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതാകുന്നു അങ്ങനെ ആരോഗ്യമേഖലയിൽ വലിയ വെല്ലുവിളിതന്നെയാണ് രാജ്യം നേരിടുന്നത്. വിവിധ രാജ്യങ്ങൾ ഇതിനോടകം ഇന്ത്യയ്ക്ക് സഹായം നൽകി കൊണ്ടും വാഗ്ദാനം ചെയ്തു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴാ പ്രമുഖ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര തന്റെ മാതൃരാജ്യമായ ഇന്ത്യയ്ക്ക് വേണ്ടി ലോക രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ തന്നെ പിന്തുടരുന്ന 62.7 ദശലക്ഷം ആളുകളോടും ട്വിറ്ററിൽ തന്നെ പിന്തുടർന്ന് 27 ലക്ഷം ആളുകളോടും ആണ് പ്രിയങ്ക ചോപ്ര ഇന്ത്യക്കായി സഹായമഭ്യർത്ഥിച്ചിരിക്കുന്നത്. ‘എന്റെ രാജ്യമായ ഇന്ത്യ ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന രാജ്യം ആയി മാറിയിരിക്കുന്നു. എല്ലാവരും ഇപ്പോഴാണ് സഹായം നൽകേണ്ടത്. പ്രതിദിനം ഇത്രയും പേരെ വൈറസ് ഇല്ലാതാകുമെന്ന് ആരും ചിന്തിച്ചില്ല. ഇതിനാൽ സന്നദ്ധ സംഘടനയായ ഗിവ്ഇന്ത്യയോട് ഞാനും ചേർന്ന് പ്രവർത്തിക്കുന്നു. എത്രയും വേഗം കഴിയുന്നത്ര സഹായം എത്തിക്കുക എന്നതാണ് പദ്ധതി.
എത്രയാണെന്ന് പറയുന്നില്ല എങ്കിലും കഴിയുന്നത്ര സഹായം അത് എത്ര ആണെങ്കിലും ഞങ്ങൾക്ക് സംഭാവന ചെയ്യുക. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിനാളുകൾ ഉണ്ടെന്നറിയാം അതുകൊണ്ട് നിങ്ങൾ തന്നെ ഒരു ചെറിയ തുക നൽകിയാൽ അത് വലിയൊരു തുകയായി മാറും. നിങ്ങൾ നൽകുന്ന സഹായങ്ങൾ ആശുപത്രികളിലെ അടിയന്തര സഹായത്തിനു വേണ്ടി എത്തിക്കും എന്ന് ഞാൻ ഉറപ്പു നൽകുന്നു. ഞാൻ വീണ്ടും നിങ്ങളോട് അപേക്ഷിക്കുകയാണ് സഹായിക്കൂ. ഞാനും നിക്കും (നിക് ജോനാസിൻ) ഒരു തുക സംഭാവനയായി നൽകിയിട്ടുണ്ട്, ഞങ്ങളെക്കൊണ്ട് കഴിയുന്നത്ര തുക ഇനിയും സംഭാവന ചെയ്യാൻ ഒരുക്കമാണ്. എന്റെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നും വീണ്ടും അപേക്ഷിക്കുന്നു, സഹായിക്കൂ പ്രിയപ്പെട്ടവരെ.’ പ്രിയങ്ക ചോപ്ര പറയുന്നു.