പാട്ടും, ഡാൻസുമുള്ള സിനിമകളോട് താൽപര്യമില്ല : ‘പൊളിറ്റിക്കൽ’ സിനിമകളോടാണ് മമത : തുറന്ന് പറഞ്ഞ് നടൻ വിനായകൻ
ചെറിയ കഥാപാത്രങ്ങളിലൂടെ കടന്ന് വന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് വിനായകൻ. മലയാള സിനിമയിലെ മികവുറ്റ കഥാപാത്രങ്ങളെ തൻ്റെ അഭിനയത്തിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുവാനും വിനായകൻ ശ്രമിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളും , സീരിയസ് വേഷങ്ങളും. വില്ലൻ കഥാപാത്രങ്ങളും ഒരേ പോലെ തനിയ്ക്ക് ഇണങ്ങുമെന്ന് താരം തെളിയിക്കുകയായിരുന്നു. ഏറ്റെടുക്കക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്ത തന്നെയാണ് താരത്തിൻ്റെ മൂല്യം ഉയർത്തി കാണിക്കുന്നതിൽ ഒരു പടി മുന്നിൽ നിൽക്കുന്നതും. കഴിഞ്ഞ ദിവസം ( മാർച്ച് – 11 ന് ) റിലീസ് ചെയ്ത ‘പട’ എന്ന ചിത്രത്തിലെ അഭിനയ മികവിലും വിനായകനിപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.
എന്തുകൊണ്ടാണ് താനിപ്പോൾ തെരെഞ്ഞെടുത്ത സിനിമകൾ മാത്രം കൈകാര്യം ചെയ്യുന്നു എന്ന് വെളിപ്പെടുത്തുകയാണ് വിനായകൻ. അതോടൊപ്പം സോഷ്യൽ മീഡിയയിൽ അടികുറിപ്പ് ഇല്ലാതെ ഇടുന്ന പോസ്റ്റുകളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വിനായകൻ പറയുന്നത് ഇങ്ങനെ : ‘ സിനിമകൾ രണ്ട് മൂന്ന് എണ്ണം ചെയ്ത് കഴിയുമ്പോൾ തന്നെ എനിയ്ക്ക് ബോറടിച്ച് തുടങ്ങും. അതുകൊണ്ട് ഒരു വർഷം എത്ര പടം ചെയ്യണമെന്നതിൽ എനിയ്ക്ക് ധാരണയുണ്ട്. പട പോലുള്ള സിനിമകൾ ഉണ്ടാകുമെന്ന് എനിയ്ക്ക് അറിയാം. അത്തരത്തിലുള്ള സിനിമകൾ ഏറ്റെടുക്കാനാണ് എനിയ്ക്ക് ഇഷ്ടം. പാട്ട് പാടുന്നതും , ഡാൻസ് ചെയ്യുന്നതും ഒന്നും എനിയ്ക്ക് അറിയില്ല. സത്യത്തിൽ വയ്യ ‘ ഇങ്ങനെയായിരുന്നു താരം പ്രതികരിച്ചത്.
സമൂഹ മാധ്യമങ്ങളിൽ അടികുറിപ്പ് ഇല്ലാതെ പോസ്റ്റുകൾ പങ്കു വെക്കുന്നതിൽ താരം നൽകിയ പ്രതികരണം ഇങ്ങനെ ആയിരുന്നു. സത്യത്തിൽ “അത് എൻ്റെയൊരു പൊളിറ്റിക്സാണ്. പിന്നീട് ഒരു വേദി കിട്ടുമ്പോൾ ഒരു എപ്പിസോഡ് തന്നെ ചർച്ച ചെയ്യാം. ആളുകൾ വിലയിരുത്തട്ടെ എന്തുകൊണ്ടാണ് ഈ പൊട്ടൻ ഇങ്ങനെ ഇട്ടത് എന്ന് ചിന്തിക്കട്ടെ ” രസകരമായ താരത്തിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. വിനായകൻ്റെ വാക്കുകൾ ഇങ്ങനെയെല്ലാമാണെങ്കിലും വളരെ നല്ല അഭിപ്രായമാണ് ‘പടയ്ക്ക്’ ഇതിനോടകം തന്നെ ലഭിക്കുന്നത്. പഴയകാലത്തെ ഭൂനിയമവും അതിൽ വരുത്തിയ ഭേദഗതിയുമാണ് സിനിമയുടെ അടിസ്ഥാനം. 1996 – ൽ ആദിവാസി ഭൂനിയമത്തിൽ ഭേദഗതി വരുത്തിയ കേരളസർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി രംഗത്ത് വരുന്ന അയ്യങ്കാളി പടയിലെ നാലു പേർ പാലക്കാട് കളക്ട്രേറ്റിൽ വെച്ച് കളക്ടറെ പിടിച്ചു വെക്കുന്നു. കളക്ടറെ പിടിച്ച് വെക്കുന്നതും പിന്നീടുള്ള സംഘർഷങ്ങളുമാണ് ‘ പട ” യിൽ ചർച്ച ചെയ്യുന്നത്.
കളക്ടറെ പിടിച്ചു വെക്കുന്ന നാല് പേരിൽ ഒരാളായി വേഷമിടുന്നത് വിനായകനാണ്. മികച്ച വേഷം തന്നെയാണ് താരം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ റിലീസായതിന് പിന്നാലെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ സിനിമയ്ക്ക് ലഭിക്കുന്നത്. വിനായകനെന്ന നായകനെ പൂർണതയിൽ എത്തിക്കാൻ പടയിലെ കഥാപാത്രത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.