കോടികളുടെ തട്ടിപ്പ് നടത്തി നിയമത്തിനു മുമ്പിൽ പെട്ടുപോകുന്ന നിരവധി വീരന്മാരെ കേരളം ഇതിനോടകം കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ നാളിതുവരെയായി നടന്ന ഉള്ളതിൽ വെച്ച് സമാനമായ രീതിയിലുള്ള കോടികളുടെ തട്ടിപ്പ് നടത്തിയ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അനധികൃതമായി പണമിടപാട് സ്ഥാപനം നടത്തി നിക്ഷേപകരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ നിന്നാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് പുഴയ്ക്കൽ ആനേടത്ത് വീട്ടിൽ രതീഷ് (39), വിൽവട്ടം പാടൂക്കാട് തൃപ്പേക്കുളത്ത് മരാത്ത് വീട്ടിൽ നവീൻ കുമാർ (41), കോലഴി അരിമ്പൂർ വീട്ടിൽ ജൂവിൻ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവിതാംകൂർ നിധി ലിമിറ്റഡ് എന്ന പേരിൽ പാട്ടുരായ്ക്കലിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് അയ്യന്തോൾ പഞ്ചിക്കലിലേക്ക് മാറ്റിയിരുന്നു. ഈ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിന് ഇരയായത് എന്ന് പോലീസ് പറയുന്നു. പത്തുലക്ഷം രൂപ നഷ്ടമായ തൃശ്ശൂർ സ്വദേശിയുടെ പരാതിയിന്മേൽ അന്വേഷണം നടത്തിയ വെസ്റ്റ് പോലീസ് പിന്നീട് കോടികളുടെ തട്ടിപ്പ് ഈ സ്ഥാപനം നടത്തിയതായി കണ്ടെത്തുകയായിരുന്നു. ഇതോടെ കൂടുതൽ ആളുകൾ പരാതിയുമായി രംഗത്ത് വരികയും ചെയ്തു. 12 ശതമാനം പലിശയാണ് നിക്ഷേപകർക്ക് ഈ സാമ്പത്തിക സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നത്.
രതീഷ് ആനേടത്ത് ചെയർമാനായ സ്ഥാപനത്തിൽ ജുവിൻ പോൾ, ജാക്സൺ ആന്റണി, പ്രജോദ്, ജയശീലൻ, തിതിൻ കുമാർ, സൂരജ്, ഹരികൃഷ്ണൻ എന്നിവർ ഡയറക്ടർമാരും ആണ്. വളരെ നാളുകൾക്കു മുമ്പ് ഒമർ ലുലു പ്രഖ്യാപിച്ച പവർ സ്റ്റാർ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഈ തട്ടിപ്പു കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ്. സിനിമയുടെ പ്രഖ്യാപന വേളയിൽ തന്നെ രതീഷ് ആനേടത്ത് ബാബു ആന്റണി നായകനാവുന്ന പവർ സ്റ്റാർ നിർമ്മിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്ന് ഒക്ടോബർ മാസത്തിൽ നിർമാതാവ് രതീഷ് ആനേടത്ത് ഒമർ ലുലുവിന് സർപ്രൈസ് സമ്മാനമായി മഹേന്ദ്ര പുതുതായി പുറത്തിറക്കിയ ഥാറിന്റെ പുത്തൻ മോഡൽ സമ്മാനമായി നൽകിയിരുന്നു. ഥാർ ലഭിച്ചതിന്റെ സന്തോഷം ഒമർ ലുലു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ഈ വാർത്ത മുഖ്യധാരാ മാധ്യമങ്ങൾ അടക്കം ഏവരും ഏറ്റെടുക്കുകയും ചെയ്തിരുന്നു. വിഖ്യാത ചലച്ചിത്രകാരൻ ഡെന്നിസ് ജോസഫ് അവസാനമായി എഴുതിയ തിരക്കഥ എന്ന നിലയിൽ പവർ സ്റ്റാർ വലിയ രീതിയിൽ സിനിമാ പ്രേമികൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവും ഗുരുതരമായ വീഴ്ച വരുത്തിയതോടെ പവർ സ്റ്റാറിന്റെ ഭാവി എന്തായിരിക്കുമെന്ന് വലിയ ആശങ്കയും നിലനിൽക്കുന്നു.