അതുല്യനായ ലോഹിതദാസ് രചിച്ച ഏറ്റവും മികച്ച മമ്മൂട്ടി സിനിമകൾ, മമ്മൂട്ടി കഥാപാത്രങ്ങൾ ഇതാ..
1 min read

അതുല്യനായ ലോഹിതദാസ് രചിച്ച ഏറ്റവും മികച്ച മമ്മൂട്ടി സിനിമകൾ, മമ്മൂട്ടി കഥാപാത്രങ്ങൾ ഇതാ..

മലയാള സിനിമ മേഖലയിലെ എക്കാലത്തെയും പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്‌ എന്ന എ. കെ. ലോഹിതദാസ്.  ജീവിതാംശവും, തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ അദ്ദേഹം രണ്ട് ദശകത്തിലേറേക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി.  പത്മരാജൻ, ഭരതൻ,  എം.ടി  എന്നിവർക്ക് ശേഷം മലയാള സിനിമയിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായിട്ടാണ് ലോഹിതദാസിനെ വിലയിരുത്തുന്നത്.  തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്ക് പുറമേ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചു.

മലയാള സിനിമയ്ക്ക് നിരവധി സംഭാവന നൽകിയ അദ്ദേഹം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിരവധി സിനിമകൾ ചെയ്തു. ‘തനിയാവർത്തനം’ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി ലോഹിതദാസ് കൂട്ടുകെട്ടിന് തുടക്കം കുറിക്കുന്നത്.  മമ്മൂട്ടി എന്ന നായകനിലെ അഭിനയ മികവും, വ്യത്യസ്തയും പൂർണമായി മനസിലാക്കി പ്രേക്ഷരിലേയ്ക്ക് എത്തിക്കുവാൻ ലോഹിതദാസ് എന്ന സംവിധായകനും, എഴുത്തുകാരനും സാധിച്ചു.  മറ്റ് സംവിധായകർക്കായി എഴുതിയ തിരക്കഥകളിലും, സ്വന്തമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടി പോലുള്ള ചിത്രങ്ങളിലും മമ്മൂട്ടിയുടെ അഭിനയ മികവിനെ അഥവാ കഴിവിനെ ലോഹിതദാസ് നല്ല രീതിയിൽ ഉപയോഗിക്കുകയായിരുന്നു.  സ്ഥിരമായി അവതരിപ്പിച്ചിരുന്ന അടിപിടി കഥാപാത്രങ്ങളിൽ നിന്നും, കുടുംബനാഥൻ്റെ റോളുകളിൽ നിന്നും മാറി ഒരു വലിയ ക്യാരക്ടർഷിപ് മമ്മൂട്ടിയ്ക്ക് സാധ്യമാക്കി കൊടുത്ത സംവിധായകനായിരുന്നു ലോഹിതദാസ്.

മമ്മൂട്ടി – ലോഹിതദാസ് കൂട്ടു കെട്ടിൽ പിറന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

തനിയാവർത്തനം

എ. കെ . ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് തനിയാവർത്തനം.  1987 – ലാണ് ചിത്രം പുറത്തിറങ്ങുന്നത്.  സ്കൂൾ അധ്യാപകനായ ബാലഗോപാൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.  തിലകൻ, കവിയൂർ പൊന്നമ്മ, മുകേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപത്രങ്ങൾ. റിയൽ ജീവിതത്തിൽ കണ്ട് പരിചരിച്ച ഏതെങ്കിലും ഒരു കഥാപാത്രത്തെ മമ്മൂട്ടിയെന്ന നായകനിലൂടെ ലോഹിതദാസ് അവതരിപ്പിക്കുകയായിരുന്നോ ഈ ചിത്രത്തിലൂടെ എന്ന് തോന്നിപ്പിക്കും വിധത്തിലായിരുന്നു മമ്മൂട്ടിയുടെ അഭിനയം.  മമ്മൂട്ടി ലോഹിതദാസ് കൂട്ടുകെട്ടിലെ ഏറ്റവും മികച്ച ചിത്രമായി മാറുവാനായും തനിയാവർത്തനത്തിന് സാധിച്ചു.  മമ്മൂട്ടി ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച മറ്റ് ചിത്രങ്ങളായിരുന്നു മുക്തി, മുദ്ര, മഹായാനം, കുട്ടേട്ടൻ, കൗരവർ തുടങ്ങിയവ.

മൃഗയ

മമ്മൂട്ടി ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മൃഗയ.  മമ്മൂട്ടി എന്ന നടനിൽ നിന്നും അത്രമേൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ മലയാളികൾക്ക് സമ്മനിച്ച ഒരു ചിത്രം.
ലോഹിത ദാസ് എഴുതി ഐ. വി ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.  1989 – ൽ പുറത്തിറങ്ങിയ ഒരു മലയാള നാടക ചലച്ചിത്രമായിരുന്നു മൃഗയ.  മമ്മൂട്ടിയും, സുനിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ തിലകൻ, ജഗതി ശ്രീകുമാർ, ലാലു അലക്സ് , ഉർവശി , എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു. നരഭോജിയായ പുള്ളിപ്പുലിയെ കൊല്ലാൻ ഒരു ഗ്രാമത്തിൽ എത്തുന്ന സംസ്കാര ശ്യൂന്യനും, വേട്ടക്കാരനും, മദ്യപാനിയുമായ വാറുണ്ണിയുടെ കഥയാണ് ചിത്രത്തിൽ മനോഹരമായി മമ്മൂട്ടി അവതരിപ്പിച്ചത്.  രണ്ട് കേരള ചലച്ചിത്ര അവാർഡുകൾ ഈ സിനിമയെ തേടിയെത്തുകയും ചെയ്തു.

കനൽക്കാറ്റ്

ലോഹിതദാസിൻ്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത്‌ 1991 – ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ‘കനൽക്കാറ്റ്’.  മമ്മൂട്ടി, മുരളി, ജയറാം , മാമുക്കോയ, ഉർവശി, കെപിഎസി ലളിത, ശാരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മോഹൻരാജ്, ഇന്നസെൻഡ്‌ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.  മമ്മൂട്ടിയ്ക്കൊപ്പം തന്നെ ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു കെപിഎസി ലളിതയുടേതും.  കളിയും, ചിരിയും നിറഞ്ഞ നത്ത് നാരായണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്.  കളി തമാശകളിലൂടെ മാത്രം ജീവിച്ച നത്ത് നാരായണൻ്റെ ജീവിതത്തിലേയ്ക്ക് ആഞ്ഞടിച്ച കനൽക്കാറ്റ്… വളരെ ലളിതമായി പറഞ്ഞാൽ അതായിരുന്നു സിനിമയുടെ ഉള്ളടക്കം. തമാശയും തനിയ്ക്ക് നന്നായി വഴയങ്ങുമെന്ന് മമ്മൂട്ടി തെളിയിച്ച ഒരു സിനിമ കൂടി ആയിരുന്നു കനൽക്കാറ്റ്.

അമരം

ഭരതൻ്റെ സംവിധാനത്തിൽ ലോഹിതദാസിൻ്റെ രചനയിൽ 1991 – ൽ പുറത്തിറങ്ങിയ ചിത്രമാണ് അമരം.  മമ്മൂട്ടി, മാതു, കുതിരവട്ടം പപ്പു, കെപിഎസി ലളിത, അശോകൻ, മുരളി, ചിത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തൻ്റെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് മമ്മൂട്ടിയ്ക്ക് നേടിക്കൊടുത്ത ചിത്രമായിരുന്നു അമരം. ഭാർഗവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെപിഎസി ലളിതയ്‌ക്ക് മികച്ച സഹ നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉൾപ്പടെ നേടിക്കൊടുത്ത സിനിമയായിരുന്നു ഇത്.  തൻ്റെ കഥാപാത്രത്തിൻ്റെ അഭിനയ പൂർണതകൊണ്ട് മമ്മൂട്ടി സിനിമയിൽ കരയുന്ന രംഗങ്ങളിലെല്ലാംകാഴ്ചക്കാരെയും കരയിപ്പിച്ച സിനിമ കൂടെ ആയിരുന്നു അമരം.  മമ്മൂട്ടി – മുരളി കോംമ്പോ ചിത്രത്തെ കൂടുതൽ മികച്ചതാക്കി മാറ്റി. മലയാളികളുടെ മനസ്സിൽ മമ്മൂട്ടിയെന്ന നടനെ പ്രതിഷ്ഠിച്ചപ്പോൾ ലോഹിതദാസ് എന്ന തിരക്കഥാകൃത്തിനെ അടയാളപ്പെടുത്തിയ സിനിമയായിരുന്നു അമരം.

വാത്സല്യം

1993 – ൽ കൊച്ചിൻ ഹനീഫയുടെ സംവിധാനത്തിൽ ലോഹിതദാസ് രചന നിർവഹിച്ച് മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ചിത്രമാണ് വാത്സല്യം.  സിദ്ധീഖ്, ഗീത, ജനാർദ്ദൻ, സുനിത, അബൂക്കർ, കവിയൂർ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. രണ്ട് സഹോദരന്മാരായ മേലേടത്ത് രാഘവൻ നായർ ( മമ്മൂട്ടി ) വിജയ കുമാരൻ നായർ ( സിദ്ധീഖ് ) എന്നിവരെ പിന്തുടരുന്ന പരമ്പരാഗതവും, ആധുനികവുമായ മൂല്യങ്ങളെ കാണിച്ചു തന്ന സിനിമയിരുന്നു ഇത്.  മേലേടത്ത് രാഘവൻ നായർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളി മനസിൽ ഇടം നേടാൻ മമ്മൂട്ടിയ്ക്ക് ഈ സിനിമയിലൂടെ സാധിച്ചു.

പാഥേയം

ലോഹിതദാസിൻ്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത് ഭരത് ഗോപി നിർമിച്ച് മമ്മൂട്ടിയെ നായകനാക്കി 1933 – ൽ പുറത്തിറങ്ങിയ ചിത്രമാണ് പാഥേയം. ചന്ദ്രദാസ് എന്ന കവിയായി മമ്മൂട്ടി വേഷമിട്ട ഒരു വ്യത്യസ്ത ചിത്രമായിരുന്നു പാഥേയം. ചന്ദ്രദാസ് എന്ന കവിയായി മമ്മൂട്ടിയും, അദ്ദേഹത്തിൻ്റെ വേർപിരിഞ്ഞ മകളായി ചിപ്പിയുമാണ് ചിത്രത്തിൽ വേഷമിട്ടത്.

ഭൂതക്കണ്ണാടി

1997 – ൽ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഭൂതക്കണ്ണാടി. ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നതും ലോഹിതദാസ് തന്നെയാണ്.  ലോഹിതദാസ് സംവിധാനം ചെയ്ത ആദ്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  വിദ്യാധരൻ എന്ന ഘടികാര പണിക്കാരൻ കടുത്ത ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കാതെ തളർന്നു പോകുന്ന കഥ പറയുന്ന ചിത്രമാണിത്.  ഈ ചിത്രത്തിൻ്റെ സംവിധാനത്തിന് ലോഹിതദാസിന് 1998 – ലെ മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്.  1997 – ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരവും ലഭിച്ചു.  ഭൂതക്കണ്ണാടിയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു.

കൗരവർ

1992 – ൽ പുറത്തിറങ്ങിയ ചിത്രമാണ് കൗരവർ.  ഒരു ത്രില്ലർ ചിത്രമാണ് കൗരവർ.  ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ലോഹിതദാസാണ് രചന നിർവഹിച്ചത്.  ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. വിഷ്ണുവർദ്ധൻ, തിലകൻ, മുരളി, അഞ്ജു , ബാബു ആന്റണി, ഭീമൻ രഘു എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  മലയാളത്തിലെ എക്കാലത്തെയും മമ്മൂട്ടി സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കൗരവർ.  മമ്മൂട്ടി – ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും  ഹിറ്റ് ചിത്രമായിരുന്നു കൗരവർ. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ആന്റണി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.