തിരിച്ചടി കിട്ടി പരാതിക്കാർ: മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെയുള്ള പരാതിയിൽ സ്റ്റേ
മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ നൽകിയ കേസിൽ തിരിച്ചടി കിട്ടി പരാതിക്കാർ.ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ ഓർഡർ വന്നിരിക്കുകയാണ്. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ ആരോപണ വിധേയരായ സൗബിൻ്റേയും ഷോൺ ആൻ്റണിയുടേയും അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു.
സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു സിറാജ് വലിയ തറയുടെ പരാതി. എന്നാൽ ഇതൊരു സിവിൽ കേസാണെന്നും ക്രിമിനൽ നടപടികൾക്ക് പ്രസക്തിയില്ലെന്നുമായിരുന്നു സൗബിൻ്റെ പിതാവും കുറ്റാരോപിതരിൽ ഒരാളുമായ ഷാഹിർ ബാബുവിൻ്റെ വാദം. ജസ്റ്റിസ് വിജു എബ്രഹാം ആണ് ഒരു മാസത്തേക്ക് ഇത് സംബന്ധിച്ച നടപടികൾക്ക് സ്റ്റേ നൽകിയത്.
സിറാജ് വലിയതറ എന്ന പരാതിക്കാരൻ സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരിക്കുകയും, അത് മൂലം കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നും ആയിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്‌തെന്നും അവർ കോടതിയെ അറിയിച്ചു.
ഇരുന്നൂറ് കോടിയോളം രൂപ നേടി ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള സ്വീകാര്യത നേടി. ഫെബ്രുവരി 22 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.