‘നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് ഇങ്ങനെ ചോദിച്ചാല്‍ എന്താണ് മൈ%്#% നിന്റെ ഉത്തരം?”: ഹരീഷ് പേരടി തുറന്നടിച്ച് ചോദിക്കുന്നു

‘ഒരുത്തീ’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിനായകന്‍, നവ്യാനായര്‍, വികെ പ്രകാശ് തുടങ്ങിയവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വിനായകന്റെ പ്രതികരണങ്ങള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സെക്‌സിന് താല്‍പര്യം തോന്നുന്ന സ്ത്രീകളോട് താന്‍ അത് ചോദിക്കുമെന്നും അത് ശരിയായ രീതിയാണെന്നും വ്യക്തമാക്കിയ വിനായകന്റെ പ്രതികരണം വലിയ വിവാദത്തിന് വഴിവെച്ചു കഴിഞ്ഞു. വിവിധ കോണുകളില്‍ നിന്നും ഇതിനെതിരെ പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. ഹരീഷ് പേരടിയുടെ പോസ്റ്റാണ് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത്. ഇതേ ചോദ്യം വിനായകന്റെ വീട്ടിലെ സ്ത്രീകളോട് ചോദിച്ചാല്‍ എന്തായിരിക്കും പ്രതികരണം എന്ന് തിരിച്ച് ചോദിക്കാന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നട്ടെല്ല് ഇല്ലേ എന്നാണ് ഹരീഷ് പേരടി തന്റെ പെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്. ഡബ്‌ള്യുസിസിയോ അതിനെ അനുകൂലിക്കുന്നവരോ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്തതും എന്തുകൊണ്ടാണെന്നും ഹരീഷ് പേരടി ചോദിക്കുന്നു.

വിനായകന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ, മാധ്യമപ്രവര്‍ത്തകര്‍ മിണ്ടാതെ ഇരുന്നപ്പോള്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളും വാക്കാല്‍ വ്യഭിചരിക്കപ്പെടുകയായിരുന്നു എന്നാണ് ഹരീഷിന്റെ വാക്കുകള്‍. അമ്മ സംഘടനയിലെ ആരെങ്കിലും വിനായകന്‍ നടത്തിയതു പോലെ എന്തെങ്കിലും പറഞ്ഞിരുന്നു എങ്കില്‍ ഡബ്ല്യുസിസി അടക്കം രംഗത്ത് വന്നേനെ. പക്ഷേ, ഇത്തവണ അവര്‍ പോലും മിണ്ടുന്നില്ലെന്നും ഹരീഷ് പേരടി തുറന്നടിക്കുന്നു. മീടൂ ക്യാംപെയിനെ സംബന്ധിച്ച ചര്‍ച്ചകളിലൂടെയാണ് വാര്‍ത്താ സമ്മേളനത്തില്‍ വിനായകന്‍ മാധ്യമ പ്രവര്‍ത്തരോട് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

വിനായകനെതിരെ മറ്റ് പല കോണുകളില്‍ നിന്നും ഇപ്പോള്‍ വിമര്‍ശനം ഉയരുന്നുണ്ട്. സംവിധായിക കുഞ്ഞില മാസിലാമണിയും വിനായകനെതിരെ രംഗത്തു വന്നിരുന്നു. ജെന്‍ഡര്‍ പ്രശ്‌നങ്ങളെക്കുറിച്ച് വിനായകന് മനസ്സിലാകുന്നില്ലെന്ന് അവര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. വിനായകന്റെ പ്രസ്താവന അത്ര നിഷ്‌കളങ്കമല്ലെന്നും സെക്‌സിന് വേണ്ടി പ്രപ്പോസല്‍ വെയ്ക്കുന്നത് എല്ലായിപ്പോഴും കണ്‍സന്റ് ചോദിക്കലല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Related Posts