ദേശസ്നേഹം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ ; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ഹര് ഘര്‍ തിരംഗ’. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ‘ഹര് ഘര്‍ തിരംഗ’ പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വീട്ടിലുയര്‍ത്തിയ പതാകയുമൊത്ത് സെല്‍ഫിയെടുത്ത ശേഷം ‘ഹര് ഘര്‍ തിരംഗ’ എന്ന വെബ്സൈറ്റില്‍ ഇത് അപ്ലോഡും ചെയ്യാം. ഇതിനോടകം ഒരു കോടിയിലധികം പേര് അവരുടെ വീട്ടില്‍ പതാക ഉയര്‍ത്തിയ ഫോട്ടോ വെബ്സൈറ്റില്‍ പോസ്റ്റ്ചെയ്ത് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഇതിനോട് അനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ വീട്ടിലും ദേശീയ പതാക ഉയര്‍ത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്ന് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഭാരതത്തിന്റെ 75ാം സ്വാതന്ത്രദിന ആഘോഷം രാജ്യമെമ്പാടും ആരംഭിച്ച് കഴിഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് എന്ന ആഘോഷ പരിപാടിയില്‍ താനും അഭിമാനപൂര്‍വ്വം പതാക ഉയര്‍ത്തികൊണ്ട് പങ്കു ചേരുകയാണ്. ഹര് ഘര്‍ തിരംഗ എന്ന പ്രധാന മന്ത്രിയുടെ പദ്ധതി എല്ലാ പൗരന്മാരും വീടുകളില്‍ പതാക ഉയര്‍ത്തി കൊണ്ട് ഒരു ആഹ്വാനമായി ഏറ്റെടുക്കണം. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും എല്ലാം ഈ മഹോത്സവത്തിന് സാധിക്കട്ടെയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
വീടുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം ഇടങ്ങളിലും പതിനഞ്ചാം തിയതിവരെ ഹര് ഘര്‍ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും. കഴിഞ്ഞ ദിവസം മലയാള സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്, ഗിന്നസ് പക്രു, വിവേക് ഗോപന്, തുടങ്ങിയ സിനിമാ താരങ്ങളും സംവിധായകരായ വിജി തമ്പി, രാമസിംഹന് അബൂബക്കര്‍ എന്നിവരും ഗായകരായ കെ.എസ് ചിത്രം, അനൂപ് ശങ്കര്‍, വിജയ് മാധവ് എന്നിങ്ങനെ മലയാള സിനിമാ താരങ്ങള്‍ സോഷ്യല്‍ മീഡിയ ഡിപി ദേശീയ പതാകയുടെ ചിത്രമാക്കുകയും ചെയ്തിരുന്നു. പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതല്‍ 15 വരെ ജനങ്ങളോട് ത്രിവര്‍ണ്ണ പതാക പ്രൊഫൈല്‍ ചിത്രമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിരവധിപേര്‍ ദേശീയ പതാക ഡിപി ആക്കി പിന്തുണച്ചത്.