‘ഫുൾ ഓണാണേ’; സോഷ്യൽ മീഡിയയിൽ തരംഗമായി പത്രോസിന്റെ പടപ്പുകളിലെ രണ്ടാമത്തെ ഗാനം
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ സിനിമയാണ് ‘പത്രോസിന്റെ പടപ്പുകൾ’. നവാഗതനായ അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഡിനോയ് പൗലോസാണ്. തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സഹ എഴുത്തുകാരനായിരുന്നു ഡിനോയ് പൗലോസ്. മരിക്കാർ എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ പുറത്തിറങ്ങിയിരുന്നു.
ആരാധകർക്കിടയിൽ വൻ പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. അതിന് പിന്നാലെ സിനിമയിലെ ആദ്യ ഗാനവും സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റായി മാറി. ഇപ്പോഴിതാ, ജാസി ഗിഫ്റ്റ് പാടിയ ‘ഫുൾ ഓണാണേ’ എന്ന പാട്ടാണ് പുറത്തു വന്നിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. പത്രോസിന്റേയും കുടുംബത്തൻ്റേയും വിശേഷങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗാനത്തിലൂടെ. ഒരു സാധാരണ കുടുംബത്തിൻ്റെ വിശേഷങ്ങൾ ഏറ്റവും അടിപൊളിയായി തന്നെ ഗാനത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പത്രോസും മക്കളും അമ്മച്ചിയുമടങ്ങുന്ന അടിപൊളി കുടുംബത്തെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ജെയ്ക്സ് ബിജോയ് സംഗീതം നൽകിയ ഗാനത്തിന് ശബരീഷ് വർമ്മയും ടിറ്റോ പി തങ്കച്ചനും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. എറണാകുളം പശ്ചാത്തലമാക്കി നിർമ്മിച്ചിരിക്കുന്ന സിനിമ മാർച്ച് 18ന് തിയേറ്ററിലൂടെ തന്നെ ആരാധകരുടെ മുന്നിലെത്തും. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് പരമ്പരയായിരുന്നു ഉപ്പും മുളകും. അതിൻ്റെ രചയിതാവായ അഫ്സല് അബ്ദുല് ലത്തീഫാണ് പത്രോസിന്റെ പടപ്പുകൾ എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
അദ്ദേഹത്തിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് പത്രോസിന്റെ പടപ്പുകൾ. ഡിനോയ് പൗലോസ്, റഫുദീൻ, നസ്ലീൻ, ശബരീഷ് വർമ്മ, രഞ്ജിത മേനോൻ, ഗ്രേയ്സ് ആന്റണി, ജെയിംസ് ഏലിയ, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയേഷ് മോഹൻ ചായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ സംഗീത് പ്രതാപാണ് ചിത്രസംയോജനം ആൻഡ് ക്രീയേറ്റീവ് ഡയറക്ഷൻ നിർവഹിക്കുന്നത്.
ആഷിക് എസാണ് കലാ സംവിധാനം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പും. ചമയം സിനൂപ് രാജാണ് ചെയ്തിരിക്കുന്നത്. ധനുഷ് നായർ സൗണ്ട് ഡിസൈനും അനീഷ് പി സൗണ്ട് മിക്സും നിർവഹിച്ചു. ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ രാമചന്ദ്രനാണ്. വസ്ത്രാലങ്കാരം ശരണ്യ ജീബു, നിശ്ചല ഛായാഗ്രഹണം സിബി ചീരൻ, പരസ്യകല അനദർറൗണ്ട്, യെല്ലോടൂത്ത് എന്നിവർ നിർവഹിച്ചു. അതേസമയം പി.ആർ.ഒ. എ.എസ് ദിനേശും ആതിര ദിൽജിത്തുമാണ്. സിനിമയുടെ ഡിജിറ്റൽ മാർക്കറ്റിംഗ് നടത്തുന്നത് എം.ആർ പ്രൊഫഷണലും.