“അന്നും ഇന്നും മമ്മൂക്കക്കൊപ്പം”; മേക്കപ്പ്മാൻ ജോർജ്ജും മക്കളും മമ്മൂട്ടിക്കൊപ്പം; ചിത്രങ്ങൾ വൈറൽ
1 min read

“അന്നും ഇന്നും മമ്മൂക്കക്കൊപ്പം”; മേക്കപ്പ്മാൻ ജോർജ്ജും മക്കളും മമ്മൂട്ടിക്കൊപ്പം; ചിത്രങ്ങൾ വൈറൽ

തിറ്റാണ്ടുകളായി നടൻ മമ്മൂട്ടിയുടെ നിഴല്‍പോലെ കൂടെ നിന്നും സിനിമയില്‍ താരത്തിന്റെ പല ഗെറ്റപ്പിന് പിന്നിലെ കരങ്ങളായും നിൽക്കുന്ന മമ്മൂട്ടിയുടെ സന്തതസഹചാരിയാണ് എസ്.ജോര്‍ജ്. മമ്മൂട്ടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പിന്നീട് അദ്ദേഹത്തിന്റെ സാരഥിയായി തീര്‍ന്ന വ്യക്തിയാണ് ജോര്‍ജ്. മമ്മൂക്ക എവിടെയെല്ലാം പോയാലും ഒപ്പം ജോര്‍ജിനേയും അദ്ദേഹത്തിനൊപ്പം കൂട്ടും. മമ്മൂട്ടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തിയ ജോര്‍ജ് ഇപ്പോള്‍ നിര്‍മാണരംഗത്തും നിലയുറപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയകളില്‍ ഏറെ വൈറലാവുകയാണ് ജോര്‍ജും അദ്ദേഹത്തിന്റെ രണ്ട് മക്കളും മമ്മൂട്ടിയുമൊത്തമുള്ള ചിത്രങ്ങള്‍. ജോര്‍ജിന്റെ രണ്ട് മക്കളും മമ്മൂട്ടിയും ഒത്തിരിക്കുന്ന പണ്ടത്തെ ചിത്രവും ഇപ്പോഴത്തെ ലുക്കും മെര്‍ജ് ചെയ്ത ഫോട്ടോയാണ് വൈറലാവുന്നത്. ആലപ്പുഴക്കാരനായ ജോര്‍ജ് ഉഷയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. സിന്ദ്യ ജോര്‍ജ്, സില്‍വിയ ജോര്‍ജ് എന്നിവരാണ് അദ്ദേഹത്തിന്റെ മക്കള്‍. എന്തായാലും ഇവരുമൊത്തുള്ള ഈ ചിത്രം സോഷ്യല്‍മീടിയ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. മമ്മൂട്ടിക്കും ജോര്‍ജിനംു ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ഇപ്പോഴും മധുര പതിനാറിലാണെന്നുമെല്ലാം കമന്റുകള്‍ ഉണ്ട്. കുട്ടികള്‍ വളര്‍ന്നത് കാണുമ്പോഴാണ് നിങ്ങള്‍ക്കും ഇത്രയും വയസായല്ലോ എന്ന് തോന്നുന്നതെന്നും ആരാധകര്‍ പറയുന്നു. പണ്ടത്തെ ചിത്രത്തിനേക്കാള്‍ ഇപ്പോള്‍ സൂപ്പര്‍ സ്റ്റൈല്‍ ആയി രണ്ട് പേരെന്നും കമന്റുകളുണ്ട്.

മൂന്നു പതിറ്റാണ്ടായി തന്റെ കൂടെ നിഴലായി നടക്കുന്ന പ്രിയ ചങ്ങാതിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതും ആഘോഷ ചിത്രങ്ങളുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അന്ന് പങ്കുവെച്ച ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ജോര്‍ജും ദുല്‍ഖര്‍ സല്‍മാനും നിര്‍മ്മാതാവ് ആന്റോ ജോസഫും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും വേഫെയര്‍ ഫിലിംസിന്റെ സഹ ഉടമ ജോമോന്‍ എന്നിവരാണ് ഉണ്ടായത്. നാല് വര്‍ഷം മുമ്പ് മാമാങ്കം എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ച് മമ്മൂട്ടി ജോര്‍ജിനായി ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. അന്നത്തെ ആ പാര്‍ട്ടിയും സോഷ്യല്‍ മീഡിയകളിലെല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു.

1991ല്‍ ഐ വി ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെ അച്ഛന്‍ എം ഒ ദേവസ്യയുടെ അസിസ്റ്റന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടാണ് ജോര്‍ജ്ജ് തന്റെ കരിയര്‍ ആരംഭിച്ചത്. ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മായാവിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു ജോര്‍ജ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്ന സിനിമ സിന്‍സില്‍ സെല്ലുലോയ്ഡ് എന്ന ബാനറില്‍ ജോര്‍ജ്ജായിരുന്നു നിര്‍മ്മിച്ചത്. ഈ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

2014ല്‍ പ്രദര്‍ശനത്തിനെത്തിയ ദ ലാസ്റ്റ് സപ്പര്‍, 2015ല്‍ പ്രദര്‍ശനത്തിനെത്തിയ അഛാ ദിന്‍,  2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമം എന്നിവയാണ് നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍. അണിയറയില്‍ മമ്മൂട്ടിയുടേതായി ഇപ്പോള്‍ ഒരുങ്ങുന്ന ചിത്രമാണ് പുഴു. ചിത്രത്തില്‍ മമ്മൂട്ടിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ആയി ജോര്‍ജും ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.