മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച മാസ് അപ്പീല്‍ ‘നരസിംഹം’ ; സിനിമയെക്കുറിച്ച് കുറിപ്പ്
മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2000ല്‍ പുറത്തെത്തിയ നരസിംഹം. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത ചിത്രമാണ്. ദേവാസുരം, ആറാം തമ്പുരാന്, ഉസ്താദ് എന്നിവയ്ക്ക് ശേഷം അതെ ചേരുവകള്‍ അല്പം കൂടി കടുപ്പിച്ച് മോഹന്‍ ലാല്‍ മീശ പിരിച്ച് മുണ്ടു മടക്കി കുത്തി വന്ന നരസിംഹം ബോക്സ് ഓഫീസില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. 21 -ാം നൂറ്റാണ്ടിലെ ആദ്യ ഇന്‍ഡസ്ട്രിഹിറ്റാണ് നരസിംഹം. മലയാള സിനിമ ബോക്സോഫീസിനെ ആദ്യമായി 20 കോടി എന്ന മാന്ത്രികസംഖ്യയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചിത്രം.
മോഹന്‍ലാലിന്റെ ‘പൂവള്ളി ഇന്ദുചൂഡന്’ പറഞ്ഞ പഞ്ച് ഡയലോഗുകള്‍ പോലെ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. മോഹന്‍ലാലിന്റെ അച്ഛന് വേഷത്തില്‍ തിലകന് എത്തിയ ചിത്രത്തില്‍ എന്‍ എഫ് വര്‍ഗീസ്, കനക, ഭാരതി, വിജയകുമാര്‍, കലാഭവന്‍ മണി, സാദ്ദിഖ്, വി കെ ശ്രീരാമന്, ഇര്‍ഷാദ്, മണിയന്‍പിള്ള രാജു, നരേന്ദ്ര പ്രസാദ്, സായ് കുമാര്‍ തുടങ്ങി വലിയൊരു താരനിര അണിനിരന്നിരുന്നു. ഐശ്വര്യ നായികയായ ചിത്രത്തില്‍ അതിഥി താരമായി മമ്മൂട്ടിയും എത്തിയിരുന്നു. കഥയുടെ ഒരു നിര്‍ണായക ഘട്ടത്തില്‍ ഇന്ദുചൂഡനെ സഹായിക്കാന്‍ കടന്നുവരികയും മിനിറ്റുകള്‍ മാത്രം നീളുന്ന രംഗങ്ങളിലൂടെ ത്രില്ലടിപ്പിക്കുന്ന നന്ദഗോപാല്‍ മാരാര്‍ ആയി എത്തിയ മമ്മൂട്ടിയും മാസായിരുന്നു. ഇപ്പോഴിതാ സിനിഫൈല്‍ ഗ്രൂപ്പില്‍ ഹിരണ്‍ പങ്കുവെച്ച ഒരു ചെറിയ കുറിപ്പ് വായിക്കാം.
ആറാം തമ്പുരാന്റെ വിജയത്തിന് ശേഷം ഷാജി കൈലാസ് തിരകഥ എഴുതിയ രഞ്ജിത്തിനോട് ചോദിച്ചു ‘ഇതിലും മാസ്സ് ആയി ഇനി എഴുതാന്‍ പറ്റുമോ’. ഒരു ചിരി മാത്രം രഞ്ജിത് പാസ്സാക്കി. പിന്നീട് നടന്നത് ചരിത്രമെന്ന് എഴുതിയാണ് കുറിപ്പ് തുടങ്ങുന്നത്. തൂണു പിളര്‍ന്നു വന്നു ബോക്സ് ഓഫീസിനെ ഉമ്മറപ്പടിയില്‍ വച്ചു നിഗ്രഹം നടത്തിയ മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച മാസ് അപ്പീല്‍ നരസിംഹം. പലര്‍ക്കും വേറെ ഓപ്ഷന് ഉണ്ടായിരിക്കാം എങ്കിലും, ഇതിനു മുകളില്‍ മോഹന്‍ലാല്‍ എന്ന നടന് കാണിച്ച മാസ്സ് ഞാന്‍ വേറെ കണ്ടിട്ടില്ല. ധ്യാനം ഥേയം നരസിംഹ മെന്ന ഗാനരംഗം പോലും ഷാജി കൈലാസ് എടുത്ത രീതി നോക്കിയാല്‍ മാത്രം മതി. അത്രക്ക് മാസ് ആയിരുന്നു. സിംഹം എന്ന പ്രോപ്പര്‍ട്ടി ഇത്രക് മാച്ച് ആവുന്ന രീതിയില്‍ ഒരു അജയ്യ ഭാവം തന്നെ ഷാജി കൈലാസ് മോഹന്‍ലാലിന് നല്കി. പൂവള്ളി ഇന്ദുചൂഡന് എന്നും ഇഷ്ടമെന്നും ഹിരണ്‍ കുറിച്ചു.