‘ബാറോസ് ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രം അല്ല, കുട്ടികൾക്ക് വേണ്ടി ഒരുക്കുന്ന ഒരു ചിത്രമാണ് എന്നാൽ..’ സന്തോഷ് ശിവൻ വ്യക്തമാക്കുന്നു
നാലുപതിറ്റാണ്ട് അഭിനയജീവിതത്തിനിടയിൽ മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ബാറോസ്. നീണ്ട നാളുകളുടെ തയ്യാറെടുപ്പുകൾക്ക് ശേഷം ചിത്രീകരണം ആരംഭിച്ചിരിക്കുന്ന ബാറോസ് മലയാളസിനിമയിൽ സംഭവിക്കാനിരിക്കുന്ന ഒരു അത്ഭുത ചിത്രം തന്നെയാണ്. കാരണം ധാരാളം പ്രത്യേകതകളോടെയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ത്രീഡിയിൽ ഒരുങ്ങുന്ന ഈ ചിത്രം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിൽ ദേശീയതലത്തിൽ വരെ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രശസ്ത ക്യാമറാമാൻ സന്തോഷ് ശിവൻ നൽകിയ വിവരങ്ങങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘സിനിമ ഡാഡി’ക്ക് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ശിവൻ ബാറോസ് എന്ന ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ജിജോ പുന്നൂസ് തന്നെ ആദ്യം ചിത്രത്തിന്റെ ക്യാമറാമാൻ ആകാൻ ക്ഷണിച്ചപ്പോൾ താൻ അതിൽ നിന്നും പിന്മാറുകയാണ് ഉണ്ടായതെന്നും എന്നാൽ മോഹൻലാൽ വിളിച്ചപ്പോൾ ചിത്രത്തിൽ പ്രവർത്തിക്കാൻ തയ്യാറാവുകയായിരുന്നുവെന്നും സന്തോഷ് ശിവൻ പറയുന്നു.
ഏവരും പ്രതീക്ഷിക്കുന്നത് പോലെ ‘ബാറോസ്’ ഭയങ്കര കൊമേർഷ്യൽ ത്രില്ലർ സ്വഭാവമുള്ള സിനിമ ആയിരിക്കുകയില്ല എന്ന് സന്തോഷ് ശിവൻ അഭിമുഖത്തിൽ വ്യക്തമായി പറയുന്നുണ്ട്. ‘ബാറോസ് കുട്ടികൾക്ക് വേണ്ടി ഒരുക്കുന്ന ഒരു ചിത്രമായിട്ടാനുള്ളത്, എന്നാൽ ത്രീഡി ടെക്നോളജിയിൽ വരുമ്പോൾ ആ ചിത്രത്തിന്റെ റീച് വളരെ വലുതായിരിക്കും’ സന്തോഷ് ശിവൻ പറയുന്നു. മോഹൻലാൽ എന്ന സംവിധായകൻ അത് അനുസരിച്ച് തന്നെയാണ് ബാറോസ് ഒരുക്കുന്നതെന്നും സന്തോഷ് ശിവൻ പറയുന്നു.