ഫഹദ് ഫാസിലിന്റെ ഏറ്റവും മികച്ച ആറ് കഥാപാത്രങ്ങളെ പരിചയപ്പെടാം
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് ഫഹദിനോളം തുടര്‍ച്ചയായി അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ നല്കുന്ന മറ്റൊരു നടനുണ്ടാകില്ല. ആദ്യ സിനിമയുടെ പരാജയമേല്‍പ്പിച്ച മുറിവായിരിക്കാം പതിന്മടങ്ങ് ശക്തിയോടെ ഫഹദ് തിരിച്ചെത്തിയത്. ആദ്യ ചിത്രം പരാജയപ്പെട്ടപ്പോള്‍ ഏഴ് വര്‍ഷത്തെ ഇടവേളയെടുത്ത് ഇന്‍ഡസ്ട്രിക്ക് പുറത്ത് പോയി പിന്നീട് ഒരു ഗംഭീര തിരിച്ചുവരവായിരുന്നു. ഓരോ സിനിമ കഴിയുന്തോറും ഇതിന് മുകളില്‍ എന്താണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഫഹദിന്റെ പ്രകടന മികവ്. തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് മലയാള സിനിമയും കടന്ന് തെന്നിന്ത്യന്‍ സിനിമയാകെ സാന്നിധ്യമായി മാറിയിരിക്കുകയാണ് ഫഹദ്.
നായകനായും വില്ലനായും സഹ നടനായുമെല്ലാം ഫഹദ് തകര്‍ത്താടുമ്പോള്‍ ഫഹദിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫഹദിന്റെ ഏറ്റവും വ്യത്യസ്തമായ ആറ് കഥാപാത്രങ്ങളെ നമുക്ക് പരിജയപ്പെടാം. ആമേന്‍ എന്ന ചിത്രത്തില്‍ ഫഹദ് ചെയ്ത സോളമന് എന്ന കഥാപാത്രം അതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരുന്നു. ലിജേ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തിലെ സോളമന് ശോശന്നയെ പ്രണയിക്കുന്ന പള്ളിയുടെ ബാന്റ് ക്ലാരിനെറ്റ് വായിക്കാന്‍ ആഗ്രഹിക്കുന്ന ആരേയും എതിര്‍ക്കാന്‍ കെല്‍പ്പില്ലാത്ത നിഷ്കളങ്കനായിരുന്നു. ഫഹദ് സോളമന്റെ വേഷം വളരെ മനോഹരമാക്കി.
നോര്‍ത്ത് 24 കാതത്തിലെ ഹരികൃഷ്ണന് എന്ന വേറിട്ട വേഷവും ഫഹദിന്റെ അഭിനയ ജീവിതത്തിലെ മുതല്‍ക്കൂട്ടാണ്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇതിലൂടെ ഫഹദിനെ തേടിയെത്തുകയുണ്ടായി. വിചിത്രമായ ചിട്ടകളുള്ള, അരസികനായ, സ്വാര്‍ത്ഥനായ ഹരിയായി അടിമുടി മാറിയ ഫഹദിനെ ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്ത ചിത്രമായിരുന്നു നോര്‍ത്ത് 24 കാതം. നെടുമുടി വേണു, സ്വാതി റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഫഹദ് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും മാസ് കഥാപാത്രമാണ് ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷി എന്നതില്‍ സംശയമില്ല. ലുക്കിലും ഡയലോഗിലും ആക്ഷന്‍ രംഗങ്ങളിലും ഫഹദിന്റെ സ്വാഗ് പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്ത ചിത്രമായിരുന്നു അത്. തന്റെ കഥാപാത്രത്തിലൂടെ മലയാളത്തില്‍ വ്യത്യസ്തമായൊരു പാത തന്നെ ഫഹദ് വെട്ടിയുണ്ടാക്കുകയായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍
പത്മപ്രിയ, ലാല്‍, ജയസൂര്യ, ഇഷ ഷര്‍വാണി എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഫഹദിന്റെ ക്യാരക്ടര്‍ സെലക്ഷനിലെ വൈവിധ്യങ്ങളില്‍ ഏറ്റവും മുന്നിലാണ് ട്രാന്‍സ് എന്ന സിനിമയിലെ പാസ്റ്റര്‍ ജോഷ്വയുടെ സ്ഥാനം. ഫഹദിന്റെ ഏറ്റവും പവര്‍ഫുള്ളായ പ്രകടനമായിരുന്നു ട്രാന്‍സിലേതെന്ന് നിസ്സംശയം പറയാം. വിജു പ്രസാദായി ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിട്ട് ഒടുവില്‍ പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടനായി അഴിഞ്ഞാടുകയായിരുന്നു. ഹൈ എനര്‍ജി വേണ്ടിയിരുന്ന ഈ കഥാപാത്രത്തിനായി വലിയ ശാരീരിക അധ്വാനം തന്നെയായിരുന്നു ഫഹദ് നടത്തിയത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2020 ഫെബ്രുവരിയില്‍ ആണ് പുറത്തിറങ്ങിയത്.
മാലിക് എന്ന സിനിമയില്‍ ഒരു ജനസമൂഹത്തിന്റെ നേതാവായ അഹമ്മദാലി സുലൈമാന്‍ എന്ന കഥാപാത്രമായെത്തി ഫഹദ് വിസ്മയിപ്പിക്കുകയായിരുന്നു. 2020 ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കപ്പെട്ട കഥാപാത്രമായിരുന്നു. യുവാവായും വൃദ്ധനായും മാലിക്കിലെത്തിയ ഫഹദിന്റെ മേക്കപ്പിലെ ചില പോരായ്മകള്‍ കാരണമാണ് പുരസ്കാരത്തില്‍ നിന്നും തെന്നിമാറിയത്. മഹേഷ് നാരായണന് സംവിധാനം ചെയ്ത ചിത്രത്തില്‍ നിമിഷ സജയനായിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
പോലീസ് ഓഫീസര്‍ ഭന്‍വര്‍സിംഗ് ഷെഗാവത്തായി പുഷ്പ എന്ന സിനിമയില്‍ മികച്ച പ്രകടനമായിരുന്നു ഫഹദ് കാഴ്ച്ചവെച്ചത്. ഫഹദ് ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രമാണ് പുഷ്പ. അല്ലു അര്‍ജുന്റെയും ഫഹദിന്റെയും ഇതുവരെ കാണാത്ത ഒരു വേഷപ്പകര്‍ച്ചയായിരുന്നു പുഷ്പയില്‍. സൈക്കോ പൊലീസുകാരനായെത്തിയ ഫഹദിന്റെ സാന്നിധ്യം ചിത്രത്തിന് നേടികൊടുത്തത് വന്‍ ഹൈപ്പായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.