”തനി തങ്കം….! ശ്യാം മച്ചാന് കൊച്ചി സ്ലാങ്ങ് മാത്രമല്ല എല്ലാം വഴങ്ങും”; പ്രേക്ഷന്റെ കുറിപ്പ്
മലയാള സിനിമ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ ‘മഹേഷിന്റെ പ്രതികാരം’, വ്യത്യസ്തമായ കഥാഖ്യാനത്തിലൂടെ ശ്രദ്ധേയമായ ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ജോജി’ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ശ്യാം പുഷ്കരന്റെ തിരക്കഥയിലെത്തുന്ന ‘തങ്കം’ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. ‘തീരം’ എന്ന സിനിമയിലൂടെ സിനിമാലോകത്തെത്തിയ സഹീദ് അറാഫത്താണ് സംവിധായകന്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. റിലീസിനു മുന്നേയുള്ള ഈ പ്രതീക്ഷകള്‍ നിറവേറ്റി തിയറ്റര്‍ കാഴ്ചയിലും പത്തരമാറ്റ് പൊന്ന് തന്നെയാകുന്നു ‘തങ്കം’ എന്നും കണ്ടുശീലിക്കാത്ത കാഴ്ചാനുഭവം പകരുന്ന ചിത്രമാണ് സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ഈ ചിത്രമെന്നുമെല്ലാമാണ് സിനിമകണ്ടിറങ്ങിയവര്‍ പറയുന്നത്. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകന് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
തനി തങ്കം
ആദ്യം തന്നെ പറയാം ശ്യാം മച്ചാന് കൊച്ചി സ്ലാങ്ങ് മാത്രമല്ല എല്ലാം വഴങ്ങും.
എത്രയൊക്കെ ചിരിപ്പിച്ചാലും സന്തോഷിപ്പിച്ചാലും ചിന്തിപ്പിച്ചാലും അവസാനം കണ്ണു നിറച്ച് തിയ്യറ്ററീന്ന് ഇറങ്ങി പോന്നിട്ടു – പിന്നെയും അതിനെ കുറിച്ച് തന്നെ ചിന്തിച്ചിരിക്കാന്‍ തോന്നിപ്പിക്കുന്ന ഒരു പ്രത്യേക തരം കഴിവ് ശ്യാം പുഷ്ക്കരനുണ്ട്. ഒരു ദാക്ഷിണ്യവും കാണിക്കാതെ വെള്ളപൂശാതെ മച്ചാന് മാത്തനെ വെടിവെച്ചു കൊന്നു കളഞ്ഞവനല്ലേ. ബിജു മേനോനെ നന്നായി മുതലെടുത്ത സിനിമ. വിനീത് ശ്രീനിവാസന് ഒരു നല്ല നടന് കൂടിയാണെന്ന് ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുന്ന സിനിമ.
ഗിരീഷ് കുല്‍ക്കര്‍ണിയും അടിപൊളിയാണ്. ചെറിയ റോളുകളില്‍ മാത്രം കണ്ടിട്ടുള്ള വിനീത് തട്ടില്‍ ഇതില്‍ മുഴു നീളം അഴിഞ്ഞാടിയിട്ടുണ്ട്. സംവിധായകന് സഹീദ് അറഫാത്ത് തന്റെ വരവ് അതി ഗംഭീരമാക്കി. മറ്റെല്ലാവരും തന്നെ പൊളിയായിരുന്നു. ബാഗ്രൗഡ് സ്ക്കോര്‍ ഒക്കെ വന്‍ പൊളിയാണ്. ഒരോ മൂഡും ക്രിയേറ്റ് ചെയ്യാന്‍ അത് വഹിച്ച പങ്ക് വളരെ വലുത് തന്നെയാണ്. ബിജിബാലിന്റെ പാട്ടുകള്‍ക്കും ഒരു ഫ്രഷ് ഫീല്‍ ഉണ്ടായിരുന്നു. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നവ. വെറുതെയല്ല ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍ അടങ്ങുന്ന ഭാവന സ്റ്റുഡിയോസ് ഇത് നിര്മ്മിച്ചത്ധൈര്യമായി പോയി കണ്ടോളൂ. പാഴാവില്ല. നല്ല സിനിമ.