‘സുബി സുരേഷ് ചെയ്തുവെച്ച ചില കഥാപാത്രങ്ങള്‍ എപ്പോഴും മനസ്സില്‍ തങ്ങി നില്കുന്നവയാണ്’; കുറിപ്പ്
നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ സങ്കടത്തിലാണ് കലാ കേരളം. മലയാളി പ്രേക്ഷകരെ വര്‍ഷങ്ങളായി ചിരിപ്പിച്ചുകൊണ്ടിരുന്ന സുബിയുടെ ഓര്‍മകള്‍ കണ്ണീരോടെയാണ് താരങ്ങള്‍ അടക്കമുളളവര്‍ പങ്കുവയ്ക്കുന്നത്. 41 വയസ് ആയിരുന്നു സുബിക്ക്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. സ്കൂള്‍ പഠനകാലത്ത് സുബി സുരേഷ് ബ്രേക്ക് ഡാന്‍സ് പഠിച്ചിരുന്നു. അതിലൂടെയാണ് സുബി കലാരംഗത്ത് എത്തുന്നത്. മിമിക്സ് രംഗത്തെ സജീവ സാന്നിദ്ധ്യമായി കലാലോകത്ത് ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു സുബി. സ്റ്റേജ് ഷോയില്‍ അനിവാര്യ സാന്നിദ്ധ്യമായിരുന്നു വര്‍ഷങ്ങള്‍ ഏറെയായി സുബി . യുട്യൂബ് ചാനലുമായും സുബി അടുത്തിടെ രംഗത്ത് എത്തിയിരുന്നു. നിരവധി ആരാധകരെ യൂട്യൂബ് ചാനലിലൂടെയും സ്വന്തമാക്കി സുബി സുരേഷ് കലാരംഗത്ത് നിറഞ്ഞുനില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ സുബിക്ക് ആദരാഞ്ജലി നേര്‍ന്നുകൊണ്ട് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം
കുറിപ്പിന്റെ പൂര്‍ണരൂപം
ഒരുപാട് സൗന്ദര്യവും, നല്ല കോമഡി ടൈമിങ്ങും, നല്ല കഴിവും ഉണ്ടായിട്ടും സിനിമയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാന്‍ Subi Suresh ന് ആയില്ല. പക്ഷെ ചെയ്തു വെച്ച ചില കഥാപാത്രങ്ങള്‍ എപ്പോഴും മനസ്സില്‍ താങ്ങി നില്കുന്നവയാണ്. ഹാപ്പി ഹസ്ബന്‍ഡ്സിലെ വേലക്കാരിയും കനകസിംഹാസനത്തിലെ തോഴിയുമൊക്കെ അതിനു ഉദാഹരണങ്ങളാണ്. സ്റ്റേജിലും ടീവി സ്ക്രീനിലും ഇത്രയധികം ശ്രദ്ധിക്കപ്പെട്ട ഒരു ഹാസ്യതാരം സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാവാന്‍ വഴിയില്ല… സിനിമയില്‍ ഒരു കല്പനച്ചേച്ചിയുടെ ലെവലില്‍ ഒക്കെ എത്താന്‍ കഴിവും സൗന്ദര്യവുമൊക്കെ ഉള്ള ആളായിരുന്നു സുബി. കുട്ടിപട്ടാളം എന്ന ഒരൊറ്റ ഷോയുടെ വിജയം മതി സുബിയുടെ കഴിവിനെ അളക്കാന്‍.
മലയാളത്തില്‍ ആദ്യമായിട്ടാണ് മൂന്നും നാലും വയസ്സുള്ള കൊച്ചുകുട്ടികള്‍ക്കായുള്ള ഒരു ഷോ വരുന്നത്. അതില്‍ അവതാരകയായി സുബി വന്നു. ആ പരിപാടി വേറെ ലെവലിലേക്ക് പോയി. കൊച്ചുകുട്ടികളെ വെച്ചും trp ഉണ്ടാക്കിയെടുക്കാം എന്ന് സുബി തെളിയിച്ചു. അതെ ഫോര്‍മാറ്റില്‍ മറ്റു ചാനലുകള്‍ ഷോകള്‍ തുടങ്ങിയെങ്കിലും വമ്പന്‍ പരാജയമായി തീര്‍ന്നു. സുബി എന്ന അവതാരകയുടെ മികവിന് മറ്റൊരു തെളിവ് ആവശ്യമില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു ഇപ്പോള്‍ വീണ്ടും കൊച്ചുകുട്ടികളെ വെച്ചോണ്ട് പല ഷോകളും നടക്കുന്നുണ്ട്. അതിന്റെയെല്ലാം തുടക്കം സുബിയില്‍ നിന്നുമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മരണമായി പോയി ഇത്. ആദ്യം കേട്ടിട്ട് ഫേക്ക് ന്യൂസ് ആണെന്നാണ് കരുതിയത്. ഒട്ടനവധി വാര്‍ത്ത ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമാണ് വിശ്വാസം വന്നത്. ആത്മവിനായി പ്രാര്‍ത്ഥിക്കുന്നു.