‘തന്മാത്രയിലെ ആ രംഗത്തിലുണ്ട് ആ കഥാപാത്രത്തിന് നെടുമുടിവേണു പതിപ്പിച്ചുകൊടുത്ത ജീവനും കയ്യൊപ്പും’; കുറിപ്പ് ശ്രദ്ധ നേടുന്നു
നിഷ്കളങ്കനായ ഗ്രാമീണന്, അധ്യാപകന്, അച്ഛന്, കൂട്ടുകാരന്, വില്ലന്‍… നെടുമുടി വേണു എന്ന മഹാപ്രതിഭക്ക് വഴങ്ങാത്ത കഥാപാത്രങ്ങളില്ലായിരുന്നു. പ്രേക്ഷകരെ കരയിപ്പിച്ചും രസിപ്പിച്ചും ചിന്തിപ്പിച്ചും തിരശ്ശീലയില്‍ നിറഞ്ഞ് നിന്ന നടന വിസ്മയം അരങ്ങൊഴിച്ചപ്പോള്‍ മലയാള സിനിമക്ക് നഷ്ടമായത് പകരംവെക്കാന്‍ ഇല്ലാത്ത അഭിനയ പ്രതിഭയെ തന്നെയാണ്. സിനിമ, നാടന്‍ പാട്ട്, കഥകളി, നാടകം എന്നിവയിലെല്ലാം കഴിവുതെളിയിച്ച കലാകാരന്. നടന് എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവ് തെളിയിച്ചിരുന്നു. 1978ല്‍ അരവിന്ദന് സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു വേണുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.
ഇപ്പോഴിതാ ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയില് മോഹന്‍ലാലിന്റെ അച്ഛനായെത്തിയ നെടുമുടി വേണുവിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബ്ലെസ്സി സാറിന്റെ ‘തന്മാത്ര’യില്‍ രമേശനായി പകര്‍ന്നാടിയ ലാലേട്ടന്റെ അച്ഛന്റെ കഥാപാത്രമായി എത്തിയത് നെടുമുടിവേണുച്ചേട്ടനാണ്. എത്രമാത്രം ഡെപ്ത്തുള്ള കഥാപാത്രമായിരുന്നു അത്, ല്ലേ? ഒരേ സമയം വാര്‍ദ്ധക്യത്തിന്റെ ക്ഷീണങ്ങളില്‍ തളരാതെ, ഭൂതകാലത്തിന്റെ ഓര്‍മ്മകളിലൂടെയുള്ള സ്വതന്ത്ര സഞ്ചാരത്തിലൂടെ ചെറുപ്പമാവുകയും, പ്രിയപ്പെട്ടവരുടെ എല്ലാ വിളികളും ദൈവത്തിന്റെ വിളിയോടെ അവസാനിക്കുന്ന ദിവസവും കാത്തിരിക്കുകയും ചെയ്യുന്നൊരാളാണ് ആ അച്ഛന്. ഇന്നത്തെ സമൂഹത്തില്‍ പലപ്പോഴും വളരെ വിരളമായി മാത്രം കാണാന്‍ കഴിയുന്ന നന്മയുടെ പ്രതിരൂപങ്ങളായ അച്ഛന്മാരുടെയും മുത്തശ്ശന്മാരുടെയും പ്രതിനിധിയാണാ കഥാപാത്രമെന്ന് കുറിപ്പില്‍ പറയുന്നു.
‘അതങ്ങനെയാ, ഈ നിറോം മണോം ഒന്നും ആര്‍ക്കും കൂടെക്കൊണ്ടോവാന് പറ്റില്ലല്ലോ. നമ്മള് പോയാലും അതിവിടൊക്കെത്തന്നെ ണ്ടാവും’ എന്ന് അദ്ദേഹം പറയുന്നിടത്ത് പ്രകടമാവുന്നുണ്ട് ജീവിതത്തിന്റെ അവസാനവര്‍ഷങ്ങളിലും കൂടെയില്ലാതെപോയ ഭാര്യയോട് അദ്ദേഹത്തിന്റെയുള്ളില്‍ നുരയുന്ന അടങ്ങാത്ത സ്നേഹവും കരുതലും! ‘അതിനു വിളിക്കുന്നത് നമ്മളാരുമല്ലല്ലോ’ എന്ന് പറഞ്ഞു നിര്‍ത്തുന്ന ആ രംഗത്തിലുണ്ട് ആ കഥാപാത്രത്തിന് നെടുമുടിവേണു പതിപ്പിച്ചുകൊടുത്ത ജീവനും കയ്യൊപ്പും എന്ന് പറഞ്ഞാണ് അശ്വിന് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി സംവിധായകന് ബ്ലെസ്സി ഒരുക്കിയ തന്മാത്ര മലയാളികളുടെ ഉള്ളു തൊട്ട ചിത്രമായിരുന്നു. മോഹന്‍ലാല്‍, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചത്. 2005ല്‍ പുറത്തിറങ്ങിയ ചിത്രം ഓര്‍മ്മകള്‍ നഷ്ടമാകുന്ന അല്‍ഷീമേഴ്സ് രോഗം ബാധിച്ച ഒരു വ്യക്തിയിലും അയാളുടെ കുടുംബത്തിലും വരുത്തുന്ന മാറ്റങ്ങളെയും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങളെയും കുറിച്ചായിരുന്നു പറഞ്ഞത്.