‘നിങ്ങളുടെ സീന്‍ നേരത്തെ തീര്‍ത്താല്‍ സെറ്റില്‍ കറങ്ങിയടിക്കാം’; ‘കിംഗ് ഓഫ് കൊത്ത’ സെറ്റിലെ ഫോട്ടോകള്‍ പങ്കുവെച്ച് ദുല്‍ഖര്‍
1 min read

‘നിങ്ങളുടെ സീന്‍ നേരത്തെ തീര്‍ത്താല്‍ സെറ്റില്‍ കറങ്ങിയടിക്കാം’; ‘കിംഗ് ഓഫ് കൊത്ത’ സെറ്റിലെ ഫോട്ടോകള്‍ പങ്കുവെച്ച് ദുല്‍ഖര്‍

ഭാഷാഭേദമന്യേ വിജയത്തിളക്കത്തില്‍ നില്‍ക്കുകയാണ് ദുല്‍ഖര്‍. തെലുങ്കില്‍ ‘സീതാ രാമ’വും ബോളിവുഡില്‍ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും’ ദുല്‍ഖറിന് നേടിക്കൊടുത്ത ആരവങ്ങള്‍ മറ്റൊരു മലയാള താരത്തിനും കിട്ടാത്ത ഒന്നാണ്. ഇതിനെല്ലാം ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ എത്തുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. പ്രഖ്യാപനം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലറിന്റെ സംവിധാനം. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ഒരു ഒന്നൊന്നര ചിത്രമാണെന്ന് പ്രേക്ഷകര്‍ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ‘കിംഗ് ഓഫ് കൊത്ത’യുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. നിങ്ങളുടെ സീന്‍ നേരത്തെ തീര്‍ത്താല്‍ സെറ്റില്‍ കറങ്ങിയടിക്കാം എന്നാണ് ദുല്‍ഖര്‍ രാമേശ്വരത്ത് നിന്നുള്ള ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ചിത്രങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫേറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുല്‍ഖറിനൊപ്പം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമീഷ് രവിയാണ്. സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. കിംഗ് ഓഫ് കൊത്തയില്‍ സംഗീതം ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.